കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് തയ്യാറായ അന്നുമുതൽ പുറത്തുവരാതെ വൈകിപ്പിക്കാൻ പല ശക്തികളും പ്രവർത്തിച്ചെന്ന് എൻ.സി.പി (എസ്) സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ പറഞ്ഞു. റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ തുടർനടപടി ഉണ്ടായേ മതിയാകൂ എന്നാണ് എൻ.സി.പി (എസ്) നിലപാട് . അതുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുമുണ്ട്. എൻ.സി.പി (എസ്) തെക്കൻ മേഖലാ സമ്മേളനം എറണാകുളം കലൂർ റിന്യൂവൽ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ സംസ്ഥാന - ജില്ലാ ഭാരവാഹികൾ സമ്മേളനത്തിൽ പങ്കെടുത്തു. മന്ത്രി എ.കെ. ശശീന്ദ്രൻ, തോമസ് കെ. തോമസ് എം.എൽ.എ എന്നിവർ സന്നിഹിതരായിരുന്നു.