ആലുവ: എടയാർ വ്യവസായ മേഖലയിലെ 516 കുടുംബങ്ങൾക്ക് നൽകുന്ന സൗജന്യ കുടിവെള്ളത്തിന്റെ പരിധി 15,000 കിലോ ലിറ്ററായി ഉയർത്തി. ബിനാനി സിങ്ക് ലിമിറ്റഡും ജല അതോറിറ്റിയും തമ്മിലുള്ള 2015ലെ കരാറാണ് കടുങ്ങല്ലൂർ പഞ്ചായത്ത് പുതുക്കിയത്.
എടയാർ, ഏലൂർ വ്യവസായ മേഖലയിൽ ബിനാനി കമ്പനിയടക്കം നിരവധി കമ്പനികളിൽ നിന്നുണ്ടായ രാസമലിനീകരണം കണ്ടെത്തിയ സുപ്രീംകോടതിയുടെ നിരീക്ഷണസമിതിയുടെ നിർദ്ദേശപ്രകാരമായിരുന്നു കരാർ. കടുങ്ങല്ലൂർ പഞ്ചായത്തിലെ എടയാർ മേഖല, ഏലൂർ മുനിസിപ്പാലിറ്റി മേഖല എന്നിവിടങ്ങളിലാണ് കുടിവെള്ള സ്രോതസുകൾ മലിനപ്പെടുത്തിയതിന് പരിഹാരമായി സൗജന്യ കുടിവെള്ളം അനുവദിച്ചത്.
ബിനാനി കമ്പനിയിൽനിന്ന് 49 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച് എടയാറിൽ കുടിവെള്ള പദ്ധതി നിർമിക്കാനും 16 ലക്ഷം നിക്ഷേപമായി സ്വീകരിച്ച് അതിന്റെ പലിശ കണക്കാക്കി 10 കിലോ ലിറ്റർവരെ സൗജന്യ കുടിവെള്ളവും നൽകാനുമാണ് അന്ന് ധാരണയായത്.
ഉപഭോഗ പരിധിയറിയാതെ വെള്ളം ഉപയോഗിച്ചവർക്ക് കഴിഞ്ഞ ദിവസം വാട്ടർ അതോറിറ്റി നോട്ടീസ് നൽകി കണക്ഷൻ നിർത്തലാക്കിയതോടെയാണ് ഈ വിഷയം ചർച്ചയായത്. വിച്ഛേദിക്കാൻ വന്ന ഉദ്യോഗസ്ഥരെ വീട്ടുകാർ മർദ്ദിച്ചിരുന്നു. പ്രതിമാസം പതിനായിരം കിലോ ലിറ്റർ ഉപഭോഗത്തിന് മുകളിൽ വന്നാൽ കുടിവെള്ള ചാർജ് നൽകണമെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചത്. എന്നാൽ ഇപ്പോഴിത് 15,000 ആയി ഉയർത്തുകയായിരുന്നു.
ബിനാനി കമ്പനി പ്രവർത്തനം നിർത്തിയെങ്കിലും സേവനം ഇപ്പോഴും തുടരുകയാണ്. ഫാക്ട് അടക്കമുള്ള കമ്പനികളിൽ നിന്നുള്ള തുക ഏലൂരിൽ സൗജന്യ കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്നുണ്ട്.