വൈപ്പിൻ: വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമിയുടെ കുത്തേറ്റ് മരിച്ച മത്സ്യ വ്യാപാരി ബാബുവിന് മത്സ്യ മേഖല കണ്ണീരോടെ വിട നല്കി . ഇന്നലെ പോസ്റ്റ്മോർട്ടം കഴിഞ്ഞ് മുനമ്പത്ത് കൊണ്ടുവന്ന ഭൗതികശരീരം മുനമ്പം വ്യാസ വംശോദ്ധാരിണി സഭ അങ്കണത്തിൽ പൊതു ദർശനത്തിന് വെച്ചപ്പോൾ നൂറ്കണക്കിന് ആളുകൾ അന്ത്യോപചാരം അർപ്പിച്ചു.
പുലർച്ചെ മുതൽ മത്സ്യവ്യാപാരം നടക്കേണ്ടിയിരുന്ന ഹാർബറുകളിൽ ഇന്നലെ തുടങ്ങിയത് വൈകീട്ട് സംസ്‌കാര ചടങ്ങുകൾക്കും അനുശോചന യോഗത്തിനും ശേഷം വൈകിട്ട് നാലര മുതൽ മാത്രമാണ്. മുനമ്പം ശ്രീകൃഷ്ണ സ്വാമി ഓഡിറ്റോറിയത്തിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ അനുശോചനയോഗം ചേർന്നു.
ഫിഷ് മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറി എ.ആർ. ബിജുകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി വി.വി. അനിൽ, പി.പി. ഗിരീഷ് , എ.കെ. ഗിരീഷ് , സി.എസ്. ശൂലപാണി, കെ.ബി.രാജീവ് , എസ്.എൻ.ഡി.പി. ശാഖ പ്രസിഡന്റ് മുരുകൻ , സീ ഫുഡ് ഡീലേഴ്‌സ് നേതാക്കളായ നൗഷാദ്, ഷൈൻ കുമാർ, വിവിധ കക്ഷി നേതാക്കളായ എ.എസ്.അരുണ, മുനമ്പം സന്തോഷ്, ഇ.എസ്. പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു. ഓൾ കേരള ഫിഷ് മർച്ചന്റ്‌സ് അസോസിയേഷൻ ബാബുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം നല്കാൻ തീരുമാനിച്ചിട്ടുണ്ട്.