ksrtc
കൊല്ലത്തു നിന്ന് ആലുവ രാജഗിരി ആശുപത്രി വഴി പെരുമ്പാവൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസിന്റെ ഫ്‌ളാഗ് ഓഫ് മന്ത്രി കെ.ബി. ഗണേശ്‌കുമാർ നിർവഹിക്കുന്നു.

ആലുവ: ദീർഘദൂര ബസ് യാത്രകളിൽ സമയനിഷ്ഠ, നല്ല ഭക്ഷണം എന്നിവ പ്രധാനമാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ പറഞ്ഞു. നല്ല ഭക്ഷണം, വാഹന പാർക്കിംഗ്, ശൗചാലയം എന്നിവയുള്ള ഹോട്ടലുകളെ ഉടമകളുടെ അപേക്ഷ പരിഗണിച്ച് ദീർഘദൂര ബസ് യാത്രാ സ്റ്റേഷനുകളാക്കുമെന്നും മന്ത്രി പറഞ്ഞു.

കൊല്ലത്തു നിന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്ക് ആരംഭിച്ച കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. പാലക്കാട് ജില്ലയിൽ നിന്ന് രാജഗിരിയിലേക്ക് പുതിയ സർവീസ് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ആശുപത്രി എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിളളി, എടത്തല പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ലിജി, പ്രതിപക്ഷ നേതാവ് എൻ.എച്ച്. ഷബീർ, ഡോ. ജിജി കുരുട്ടുകുളം, ഡോ. ബിജു ചന്ദ്രൻ, കെ.പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

പെരുമ്പാവൂരിൽ നിന്ന് ദിവസവും വൈകിട്ട് 4.20 ന് പുറപ്പെടുന്ന കൊല്ലം ഫാസ്റ്റ് പാസഞ്ചർ 4.45 ന് രാജഗിരിയിലെത്തി വൈറ്റില, ആലപ്പുഴ വഴി രാത്രി 10.05 ന് കൊല്ലത്തെത്തും. തിരികെ പുലർച്ചെ അഞ്ചിന് പുറപ്പെടുന്ന ഫാസ്റ്റ് പാസഞ്ചർ രാവിലെ 9.55 ന് രാജഗിരി ആശുപത്രിയിലെത്തി പെരുമ്പാവൂരിലേക്ക് പോകും.