പെരുമ്പാവൂർ: കാർഷിക പൈതൃകത്തെയും കാർഷിക സംസ്‌കൃതിയെയും പുതിയ തലമുറയ്ക്ക് പരിചയപ്പെടാൻ അവസരം ഒരുക്കി എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒക്കൽ ഫാം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിന് വ്യാഴാഴ്ച തുടക്കമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അറിയിച്ചു. കാർഷിക പ്രദർശന വിപണന മേള, സെമിനാറുകൾ, ഡോക്യുമെന്ററി വീഡിയോ പ്രദർശനം, മഡ് ഫുട്‌ബോൾ, വനിതകളുടെ വടംവലി മത്സരങ്ങൾ, വിവിധ കലാപരിപാടികൾ തുടങ്ങിയവ ഫാം ഫെസ്റ്റിനോടനുബന്ധിച്ച് നടക്കും. എല്ലാ ദിവസവും രാവിലെ 9 മുതൽ 7 വരെയാണ് ഫെസ്റ്റ് നടക്കുന്നത്. ഫാം ഫെസ്റ്റിന് മുന്നോടിയായി 28ന് രാവിലെ 9 മുതൽ മഡ് ഫുട്‌ബോൾ മത്സരം നടക്കും. 29ന് ഉച്ചയ്ക്ക് 2.30ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഫാം ഫെസ്റ്റും 31ന് വൈകിട്ട് 4ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യും. രണ്ട് ചടങ്ങുകളിലും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനാകും. ഉദ്ഘാടന സമ്മേളനത്തിൽ ബെന്നി ബഹനാൻ എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും.
ഒക്കൽ ഫാം 13.68 ഹെക്ടറിലായി എം.സി. റോഡിനോട് ചേർന്ന് 1979 ൽ സ്ഥാപിതമായതാണ്. ഗുണമേന്മയുള്ള നെൽവിത്ത് ഉത്പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേന്ദ്രം ഇന്ന് സംയോജിത ഫാമായി മാറിയിരിക്കുന്നു. നെല്ലിന് പുറമെ, പച്ചക്കറി വിത്തുകൾ, തെങ്ങിൻ തൈകൾ, കുരുമുളക് വള്ളികൾ അലങ്കാരസസ്യങ്ങൾ. പച്ചക്കറി തൈകൾ എന്നിവയും ഇവിടെ ഉത്പാദിപ്പിക്കുന്നു. ചെറുതേനിച്ച, കൂൺ കൃഷി, ശലഭോദ്യാനം, മാതൃകാ അടുക്കളത്തോട്ടം, അലങ്കാരമത്സ്യങ്ങൾ, അരുമകിളികൾ എന്നിവ ഉൾപ്പെടുത്തി ഫാം സൗന്ദര്യവത്കരണം നടത്തി ആകർഷകമാക്കിയിട്ടുണ്ട്.