padam-

കൊച്ചി: ടെസ്റ്റ് ഡ്രൈവിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബെൻസ് കാറുകൾ കൂട്ടിയിടിച്ചു. കോടികൾ വിലയുള്ള ഇവയ്ക്കൊപ്പം മറ്റൊരു കാറും അകപ്പെട്ടു. കാറുകളിലുണ്ടായിരുന്ന യുവതിയടക്കം അഞ്ചുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഒരാളുടെ കാലിന് സാരമായി പരിക്കുണ്ട്. എറണാകുളം സ്വദേശികളായ അശ്വിൻ ദീപക്, സൂരജ്, സച്ചിൻ, അനഘ, സജിമോൻ എന്നിവർക്കാണ് പരിക്കേറ്റത്. അശ്വിനാണ് കാലിന് പരിക്കേറ്റത്. നാലു പേരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എറണാകുളം വില്ലിംഗ്ഡൺ ഐലൻഡിൽ ഇന്നലെ വൈകിട്ട് 3.10നായിരുന്നു അപകടം. മെഴ്‌സിഡസ് ബെൻസിന്റെ എ.എം.ജി എസ്.എൽ. 55 റോഡ്‌സ്റ്റർ, എ.എം.ജി ജി.ടി 63എസ്.ഇ കാറുകളും ഒരു ഹ്യുണ്ടായ് ആക്സന്റ് കാറുമാണ് അപകടത്തിൽപ്പെട്ടത്.

അനഘ ടെസ്റ്റ് ഡ്രൈവ് ചെയ്തിരുന്ന ജി.ടി 63എസ്.ഇ കാറാണ് അപകടത്തിന് ഇടയാക്കിയത്. റെയിൽവേ ഗേറ്റ് ഭാഗത്തുനിന്ന് അമിതവേഗത്തിൽ ഐലൻഡ് ഭാഗത്തേക്ക് വരികയായിരുന്നു അനഘയുടെ കാർ. കേന്ദ്രീയ വിദ്യാലയ ഭാഗത്ത് എത്തിയപ്പോൾ റോഡിനെ മുറിച്ചുകടന്നുപോകുന്ന പഴയ റെയിൽപാളത്തിൽ തട്ടി കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഹ്യുണ്ടായ് അക്സന്റ് കാറിനെയാണ് ആദ്യം ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ വലതുഭാഗത്തേക്ക് നീങ്ങിയ ജി.ടി 63 എസ്.ഇ കാർ എതിരെ വന്ന എസ്.എൽ. 55 റോഡ്‌സ്റ്ററിലേക്കും പാഞ്ഞുകയറി. അശ്വിനാണ് ഈ കാർ ടെസ്റ്റ് ഡ്രൈവ് ചെയ്തിരുന്നത്. കോട്ടയം വൈക്കം കോതനല്ലൂർ സ്വദേശി, എറണാകുളം കുരീക്കാട് താമസിക്കുന്ന സജിമോനാണ് ഹ്യുണ്ടായ് അക്സന്റ് കാർ ഓടിച്ചിരുന്നത്.

ജി.ടി 63എസ്.ഇ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. എസ്.എൽ. 55 റോഡ്‌സ്റ്ററിന്റെ മുന്നിലെ വീൽ തെറിച്ചുപോയി. അതുവഴി പോയവരാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്.

സജിമോന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. കൊച്ചിയിലെ പ്രമുഖ ബെൻസ് ഡീലർഷിപ്പിൽ നിന്ന് നാലു കാറുകളാണ് ടെസ്റ്റ് ഡ്രൈവിനായി ഐലൻഡിൽ എത്തിച്ചിരുന്നത്.

ജി.ടി 63എസ്.ഇ വില 4.19 കോടി;

എസ്.എൽ. 55 റോഡ്‌സ്റ്റർ 3.10 കോടി

കഴിഞ്ഞവർഷം ജൂൺ 22നാണ് എ.എം.ജി എസ്.എൽ. 55 റോഡ്‌സ്റ്റർ വിപണയിൽ ഇറങ്ങിയത്. 3.10 കോടി രൂപയാണ് ബേസ് മോഡൽ വില. എ.എം.ജി ജി.ടി 63എസ്.ഇയും പോയവർഷം ഏപ്രിലിലാണ് വിപണിയിൽ എത്തിയത്. 4.19 കോടി രൂപയാണ് കേരളത്തിലെ വില.