കൊച്ചി: ഭാരതത്തെ ആഗോള സാമ്പത്തിക ശക്തിയാക്കുക എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കണമെന്നും ജനസംഖ്യാനുപാതികമായി മൊത്തം ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് ദേശീയ ജോ.ജനറൽ സെക്രട്ടറി സ്വാമി വിജ്ഞാനന്ദ പറഞ്ഞു. ഹിന്ദു ഇക്കണോമിക് ഫോറം കേരള ചാപ്റ്ററിന്റെയും ബിസിനസ് കോൺക്ലേവിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആഗോള നേതൃത്വത്തിലേക്ക് ഭാരതത്തെ ഉയർത്താൻ പരസ്പര സഹകരണവും സഹവർത്തിത്വവും അനിവാര്യമാണ്. സുസ്ഥിരവികസനം സാദ്ധ്യമാകണമെങ്കിൽ ഹൈന്ദവ സംസ്‌കാരത്തിലൂന്നിയ ചട്ടക്കൂട് ഉണ്ടാകണം. സാമ്പത്തിക ശാക്തീകരണത്തിലൂടെ ഭാരതത്തിന് ആഗോള നേതൃത്വത്തിലേക്ക് ഉയരാൻ കഴിയുമെന്നും സ്വാമി വിജ്ഞാനന്ദ പറഞ്ഞു.
ഹിന്ദു ഇക്കണോമിക് ഫോറം കേരള ജനറൽ സെക്രട്ടറി രഞ്ജു ഗോപിനാഥ്, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ശിവപ്രസാദ് എന്നിവർ സംസാരിച്ചു.