പെരുമ്പാവൂർ: യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന പെരുമ്പാവൂർ ടൗണിൽ സ്വകാര്യ ബസുകളുടെ ജി.കെ പിള്ള റോഡ് വഴിയുള്ള അനധികൃത ഓട്ടത്തിനെതിരെ പരാതി ശക്തമായിട്ടും നടപടി സ്വീകരിക്കാതെ പൊലീസും ആർ.ടി.ഒ യും. പെരുമ്പാവൂർ ടൗണിൽ എം.സി റോഡ് വഴി വരുന്ന സ്വകാര്യ ബസുകൾ സിവിൽ സ്റ്റേഷൻ, താലൂക്ക് ആശുപത്രി, പെരുമ്പാവൂർ മാർക്കറ്റ് വഴി എ.എം റോഡിലൂടെയാണ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടത്. എന്നാൽ ഏതാനും ചില സ്വകാര്യ ബസുകൾ നിയമം ലംഘിച്ച് ജി.കെ പിള്ള റോഡ്, കുഴുപ്പിള്ളിക്കാവ് ജംഗ്ഷൻ വഴി സ്റ്റാൻഡിലേക്ക് പോകുന്നതാണ് യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നത്. കിച്ചൻ മാർട്ട് ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കിയാണ് നിരോധിത വഴിയിലൂടെയുള്ള ഈ ഓട്ടം. ഇതുമൂലം പെരുമ്പാവൂർ സിവിൽ സ്റ്റേഷൻ, പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂൾ, താലൂക്ക് ആശുപത്രി, പച്ചക്കറി മാർക്കറ്റ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ ഓട്ടോറിക്ഷ വിളിച്ചോ കാൽനടയായോ പോകേണ്ട അവസ്ഥയാണ്. പലപ്രാവശ്യം പൊലീസിനെയും ആർ.ടി.ഒയെയും വിവരം അറിയിച്ചെങ്കിലും നടപടി എടുക്കുന്നില്ല. ജി.കെ പിള്ള റോഡിലേക്ക് എം.സി റോഡിൽ നിന്ന് പ്രവേശിക്കുന്നിടത്ത് സ്വകാര്യ ബസുകൾക്ക് യാത്ര നിരോധിച്ചുള്ള ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനെ അവഗണിച്ചാണ് ബസുകളുടെ ഓട്ടം. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മണ്ഡലം കമ്മിറ്റി രംഗത്തെത്തി.
യാത്രക്കാരെ വലയ്ക്കുന്ന ബസുകളുടെ ഓട്ടത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലിസിനും ആർ.ടി.ഒയ്ക്കും ബി.ജെ.പി പെരുമ്പാവൂർ മണ്ഡലം കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്. ഇനിയും ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്ത്നിന്ന് ശക്തമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കും.
പി. അനിൽകുമാർ
പ്രസിഡന്റ്
ദേവച്ചൻ പടയാട്ടിൽ
സെക്രട്ടറി
ബി.ജെ.പി
പെരുമ്പാവൂർ മണ്ഡലം