പെരുമ്പാവൂർ: കളഞ്ഞു കിട്ടിയ സ്വർണ ചെയിൻ ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച് യുവാവ് മാതൃകയായി. പണയം വച്ച സ്വർണം തിരിച്ചെടുത്ത് വരുന്ന വഴിയാണ് പെരുമ്പാവൂർ ഫ്രഷ് ക്യാച്ച് ഫിഷ് മാർക്കറ്റിന് സമീപം കുറുപ്പംപടി ഐമുറി സ്വദേശിയായ മാർട്ടിന്റെ പക്കൽ നിന്ന് ഒരു പവൻ വരുന്ന സ്വർണ ചെയിൻ നഷ്ടമായത്. ഇത് ഫ്രഷ് ക്യാച്ച് സ്ഥാപനത്തിലെ ഷെരീഫിന് കിട്ടുകയും പിന്നീട് പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയുമായിരുന്നു. പൊലീസിന്റെ സാന്നിദ്ധ്യത്തിൽ സ്വർണ ചെയിൻ ഉടമക്ക് കൈമാറി.