muncipality

അങ്കമാലി: പഴയ നഗരസഭാ മന്ദിരത്തിന്റെ അറ്റകുറ്റപ്പണികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പഴയ നഗരസഭ കെട്ടിത്തിന് മുമ്പിൽ പ്രതിപക്ഷ കൗൺസിലർമാർ നില്പ് സമരം നടത്തി. സമരം സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. കെ.കെ ഷിബു ഉദ്ഘാടനം ചെയ്തു. അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. 1982ൽ നിർമ്മാണം പൂർത്തീകരിച്ച അങ്കമാലി നഗരസഭയുടെ പഴയ ഓഫീസ് കെട്ടിടം അറ്റകുറ്റപ്പണി നടത്താത്തതിനാൽ ജീർണിച്ച് ഏത് നിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ ഒരുഭാഗത്തെ കോൺക്രീറ്റ് അടർന്ന് വീണിരുന്നു.

മുകൾ നിലയിൽ നിന്നും കോൺക്രീറ്റ് ഭാഗങ്ങൾ ഇനിയും ഏത് നിമിഷവും അടർന്ന് വീഴാവുന്ന അവസ്ഥയിലാണ്. മഴ പെയ്താൽ ചോർന്നൊലിക്കുന്ന സ്ഥിതിയിലാണ് ഈ കെട്ടിടം. വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് നടപടി സ്വീകരിക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം. നില്പ് സമരത്തിന് ഗ്രേസി ദേവസി അദ്ധ്യക്ഷത വഹിച്ചു. ബെന്നി മൂഞ്ഞേലി, സജി വർഗീസ്, ടി.വൈ. ഏല്യാസ്, ലക്സി ജോയി, വിൽസൻ മുണ്ടാടൻ, പി.എൻ. ജോഷി, അജിത ഷിജോ, രജിനി ശിവദാസൻ, മോളി മാത്യു, സരിത അനിൽകുമാർ, സച്ചിൻ ഐ. കുര്യാക്കോസ്, വിനീത ദിലീപ്, ജിജോ ഗർവാസീസ്, സതി ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.

പഴയ നഗരസഭാ കെട്ടിടത്തിൽ പ്രവർത്തിക്കുന്നവ

ധനകാര്യ സ്ഥാപനം

ഡെന്റൽ ഡിസ്പെൻസറി

ബുക്ക്സ് സ്റ്റാൾ, ജ്വല്ലറി

സ്റ്റേഷനറി ഷോപ്പ്

ഹാൻഡ്ലൂം തുണിക്കട

അപകടം മുന്നിൽ കണ്ട് ഇവിടെ പ്രവർത്തിക്കുന്ന കേരള ബാങ്കിന്റെ ശാഖ മാറ്റി സ്ഥാപിക്കാനൊരുങ്ങുന്നു. ബാങ്ക് അധികൃതർ ഈ വിവരം കാണിച്ച് നഗരസഭക്ക് കത്ത് കൈമാറി.

നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ കെട്ടിടത്തിലെ പതിനായിരത്തിലധികം ചതുരശ്ര അടി വിസ്തീർണമുള്ള ഭാഗം വർഷങ്ങളായി ഒഴിഞ്ഞ് കിടക്കുന്നു ഇതോടെ വാടക ഇനത്തിൽ ഒരു വർഷം നഗരസഭയ്ക്ക് നഷ്ടമാകുന്നത് 25 ലക്ഷത്തോളം രൂപ കെട്ടിടം പുതുക്കി പണിയാൻ തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബലപരിശോധന സർട്ടിഫിക്കറ്റും നിർമ്മാണത്തിനുള്ള എസ്റ്റിമേറ്റും ലഭിക്കാനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് മൂന്നര വർഷം പിന്നിട്ടു.