ചോറ്റാനിക്കര: വിപുലമായ ശ്രീകൃഷ്ണജയന്തി ആഘോഷത്തിനൊരുങ്ങി ചോറ്റാനിക്കര. കണയന്നൂർ മഹാദേവക്ഷേത്രത്തിൽ നിന്നും ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ നിന്നും അമ്പാടിമല ശിവ ക്ഷേത്രങ്ങളിൽ നിന്നും എത്തുന്ന മൂന്ന് ശോഭായാത്രകളും സംയുക്തമായി ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ കൂടിച്ചേരും. കൃഷ്ണനാട്ടം, ഉറിയടി എന്നിവയും ഉണ്ടാകും. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ശോഭായാത്രയിൽ നൂറുക്കണക്കിന് കൃഷ്ണവേഷങ്ങളും പൗരാണികവേഷങ്ങളും നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും ഗോപികാനൃത്തങ്ങളും അണിനിരക്കും. കൃഷ്ണന്റെയും രാധയുടെയും കംസന്റെയും യശോദയുടെയും ദേവകിയുടെയും വസുദേവരുടെയും വേഷമണിഞ്ഞ കുരുന്നുകൾ ചോറ്റാനിക്കരയെ അമ്പാടിയാക്കും. കണയന്നൂർ മഹാദേവക്ഷേത്രം, ചോറ്റാനിക്കര ദേവി ക്ഷേത്രം, ശ്രീ കൃഷ്ണ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക പൂജകളും സംഘടിപ്പിക്കും. ഉറിയടിയോടെ ആഘോഷങ്ങൾക്ക് സമാപനമാകും.