temple

കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ വൃശ്ചികോത്സവം കൊച്ചിൻ ദേവസ്വം ബോർഡ് നേരിട്ട് നടത്തും. മദ്ധ്യകേരളത്തിലെ ഉത്സവസീസണ് തുടക്കം കുറിക്കുന്നതാണ് സുപ്രസിദ്ധമായ വൃശ്ചികോത്സവം. ആചാരപ്രധാനവും പ്രമുഖരുടെ കലാപരിപാടികളും ക്ഷേത്രകലകളുടെ പ്രത്യേകതകളും കൊണ്ട് രാജകീയമായ ഉത്സവം കൂടിയാണിത്.

രണ്ട് കോടിയോളം ചെലവുവരുന്ന എട്ട് ദിവസത്തെ ഉത്സവത്തിന്റെ നടത്തിപ്പ് ക്ഷേത്ര ഉപദേശക സമിതിയാണ് സാധാരണ നിർവഹിക്കാറ്. നിലവിലെ ഉപദേശക സമിതിയുടെ കാലാവധി ജൂണിൽ കഴിഞ്ഞു. നിയമപ്രശ്നങ്ങൾ ഉള്ളതിനാൽ പുതിയ സമിതിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾ നിറുത്തിവച്ചിരിക്കുകയാണ്. കാലാവധി കഴിഞ്ഞ സമിതിയെ തുടരാൻ അനുവദിക്കുകയോ ദേവസ്വം നേരിട്ട് ഉത്സവം നടത്തുകയോ മാത്രമായിരുന്നു പോംവഴി. നേരിട്ട് ഉത്സവം നടത്താനുള്ള ഒരുക്കങ്ങൾ തുടങ്ങാൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിക്കഴിഞ്ഞു.

ഓഫീസർമാരെ നിയോഗിച്ചേക്കും

ബോർഡിന് കീഴിലെ 470ൽപരം ക്ഷേത്രങ്ങളിലെ ഉപദേശക സമിതി തിരഞ്ഞെടുപ്പുകളിൽ നടക്കുന്ന തിരിമറികൾ അവസാനിപ്പിക്കാനായി ഹൈക്കോടതി മാർഗനിർദേശങ്ങൾ നൽകി കഴിഞ്ഞ മാർച്ച് 18ന് ഉത്തരവിറക്കിയിരുന്നു. ഈ മാർഗ നിർദേശങ്ങൾ വിജ്ഞാപനം ചെയ്ത ശേഷം വേണം തിരഞ്ഞെടുപ്പ് നടത്തേണ്ടത്. ഉപദേശക സമിതിയിൽ മുഖ്യ ക്ഷേത്രങ്ങളിൽ 16ഉം മറ്റുക്ഷേത്രങ്ങളിൽ 9ഉം അംഗങ്ങൾ മാത്രമേ അനുവദിച്ചിട്ടുള്ളൂ. ഒരു ടേമിൽ അധികം ഭാരവാഹി സ്ഥാനവും രണ്ട് തവണയിലധികം കമ്മിറ്റി അംഗത്വവും നിഷിദ്ധമാണ്. ട്രഷറർ സ്ഥാനം ദേവസ്വം ഓഫീസർ തന്നെ വഹിക്കുകയും വേണം.

ഹൈക്കോടതി നിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ എങ്ങുമെത്തിയിട്ടില്ലാത്തതിനാൽ കാലഹരണപ്പെട്ട സമിതികൾക്കെല്ലാം ആറുമാസം കൂടി സമയം നീട്ടി നൽകാനും ദേവസ്വം ബോർഡ് ആലോചിച്ചിരുന്നു. ഇതിനുള്ള അനുമതി തേടി ഹൈക്കോടതി ദേവസ്വം ബെഞ്ചിനെ ബോർഡ് സമീപിച്ചിട്ടുണ്ട്. തീരുമാനം കാത്തുനിൽക്കാതെ തന്നെ ഉത്സവ ഒരുക്കങ്ങൾ തുടങ്ങാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം. ഉടനെ തന്നെ ഇതിനായി പരിചയസമ്പന്നരായ ഓഫീസർമാരെയും നിയോഗിച്ചേക്കും.

വൃശ്ചികോത്സവം പ്രത്യേകതകൾ