കൊച്ചി: മാനസിക സമ്മർദ്ദത്തിന് മറുമരുന്നാണ് യാത്രകൾ. പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനുള്ള മാർഗം. മഴ ദുരന്തങ്ങളിൽ വിറങ്ങലിച്ചുപോയ കേരളസമൂഹത്തിലേക്ക് പോസിറ്റിവിറ്റി തിരിച്ചെത്തേണ്ടതുണ്ട്. അതിനായി സഞ്ചാരികളെ മാടിവിളിക്കുകയാണ് ഇക്കുറി ഓണക്കാലം.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ സർക്കാർതലത്തിലുള്ള ഓണാഘോഷവും ടൂറിസം വാരോഘോഷവും ഉണ്ടാകില്ല. എങ്കിലും ജില്ലയിലെ ഡെസ്റ്റിനേഷനുകളിലേക്ക് വിനോദസഞ്ചാരികൾ ഒഴുകിയെത്തുമെന്നാണ് ബുക്കിംഗുകളിൽ നൽകുന്ന പ്രതീക്ഷ.
ഈയാഴ്ച തുടർച്ചയായി കിട്ടിയ അവധികൾ ഒരു തുടക്കമായി. ഇന്നലെ ഫോർട്ടുകൊച്ചി ബീച്ചടക്കമുള്ള കേന്ദ്രങ്ങളിൽ ജനത്തിരക്ക് അനുഭവപ്പെട്ടു. വ്യാപാരശാലകളും സജീവമായിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊച്ചിയിലെത്തുന്ന ആഭ്യന്തര വിനോദസഞ്ചാരികളുടെ മുൻഗണാക്രമം മാറിയിട്ടുണ്ട്. മുമ്പ് പാർക്കും കായൽത്തീരവും ബോട്ടുയാത്രയുമാണ് ലക്ഷ്യമെങ്കിൽ, ഇപ്പോൾ മാളുകളിലെ വിസ്മയവും മെട്രോ, വാട്ടർമെട്രോ യാത്രയുമെല്ലാമാണ് മുഖ്യാകർഷണം.
മൂന്നാറിലേക്കും ആലപ്പുഴയ്ക്കും പോകാം...
വടക്കേ ഇന്ത്യയിൽ നിന്നുള്ള സംഘങ്ങൾ കൊച്ചി കാഴ്ചകൾ കണ്ട് തട്ടേക്കാട്, മൂന്നാർ, ആലപ്പുഴ തുടങ്ങിയ ലോകോത്തര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് പ്രയാണമാവുക. മാനംതെളിഞ്ഞുനിൽക്കുന്നത് ശുഭസൂചകമാണ്. ഹൈറേഞ്ചിലേക്കും കായൽ മേഖലയിലേക്കും ഓണക്കാലത്ത് ഭയപ്പാടില്ലാതെ സഞ്ചരിക്കാനാകുമെന്നാണ് കാലാവസ്ഥ നൽകുന്ന സൂചന. ആലപ്പുഴ നെഹ്രുടോഫി വള്ളംകളി മാറ്റിവച്ചത് വിദേശസഞ്ചാരികളുടെ എണ്ണത്തെ ബാധിച്ചേക്കും.
'സർക്കാരിന്റെ ഔദ്യോഗിക ഓണാഘോഷം റദ്ദാക്കിയെങ്കിലും വിനോദയാത്രികർക്കായ ചില കൂട്ടായ്മകളും അനൗദ്യോഗിക പരിപാടികളൊരുക്കുന്നുണ്ട്. സഞ്ചാരികളുടെ എണ്ണം ഈ വർഷം കൂടുമെന്നാണ് സൂചന. ആഭ്യന്തര യാത്രക്കാരായിരിക്കും ഏറെയും.
- എം. സതീഷ്, സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ.
ബിനാലെയിലെ അനിശ്ചിതത്വം
ലോകപ്രശസ്ത കലാപ്രദർശമായ കൊച്ചി ബിനാലെയ്ക്ക് മുന്നൊരുക്കങ്ങൾ തുടങ്ങേണ്ട അവസരംകൂടിയാണിത്. എന്നാൽ മുഖ്യവേദി കൈവിട്ടതിനെതുടർന്ന് ബിനാലെ നടത്തിപ്പിലുണ്ടായ അനിശ്ചിതത്വം തുടരുകയാണ്. ഫോർട്ട്‌കൊച്ചിയിലെ പൈതൃകമന്ദിരമായ ആസ്പിൻവാൾ ഹൗസായിരുന്നു രണ്ട് വർഷം കൂടുമ്പോൾ നാലുമാസം നീളുന്ന ബിനാലെയുടെ പ്രധാനയിടം. കോസ്റ്റ് ഗാർഡ് ഈ വളപ്പ് ഏറ്റെടുക്കുന്നതിനാലാണ് വേദി നഷ്ടമായി.
ബിനാലേയ്ക്ക് മറ്റൊരുവേദി കണ്ടെത്തുന്നതിന് ഭാരിച്ച ചെലവടക്കം പ്രതിബന്ധമാവുകയാണ്. 19ാം നൂറ്റാണ്ടിൽ നിർമ്മിച്ച കെട്ടിടമാണ് ബിനാലേ തുടങ്ങിയ 2012 മുതൽ മുഖ്യവേദിയാകുന്ന ആസ്പിൻവാൾ മന്ദിരം. ഇത് നിലകൊള്ളുന്ന 2.24 ഏക്കറും അതിനോടു ചേർന്ന കബ്രാൾയാർഡിന്റെ 1.26 ഏക്കറും ഡി.എൽ.എഫ് കമ്പനിയുടേതാണ്. ഇവരിൽ നിന്ന് കെട്ടിടവും സ്ഥലവും ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതിനിടെയാണ് തീരരക്ഷാസേനയ്ക്ക് കൈമാറാനുള്ള നീക്കം. കെട്ടിടവും സ്ഥലവും പൊതുസ്വത്തായി നിലനിറുത്താനും ബിനാലേയുടെ സ്ഥിരംവേദിയാക്കാനുമായിരുന്നു സർക്കാരിന്റെ പദ്ധതി. ഇതിനായി
ജനപ്രതിനിധികളടക്കം ഇടപെട്ടിരുന്നു. മേഖലയിലെ പൈതൃകകേന്ദ്രങ്ങൾ ഇല്ലാതാവുന്നത് വിനോദസഞ്ചാരമേഖലയെയും ബാധിക്കും. 300ലേറെ ഹോംസ്റ്റേകൾക്കും തിരിച്ചടിയാകും.1859ൽ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ച സ്വിസ് കമ്പനി വോൾക്കാട്ട് ബ്രദേഴ്‌സിന്റെ കെട്ടിടം വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്നു.