kklm

കൂത്താട്ടുകുളം: കൂത്താട്ടുകുളം സെൻട്രൽ ജംഗ്ഷനിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ കഴിഞ്ഞ ആഴ്ച പ്രവർത്തന ക്ഷമമാക്കിയതോടെ നഗരത്തിൽ ഇതുവരെ കാണാത്ത ട്രാഫിക് ബ്ലോക്ക്. എം.സി റോഡിൽ ബാപ്പുജി കവല മുതൽ മേരിഗിരി സ്കൂൾ വരെയുള്ള ഭാഗത്ത് വാഹന ബ്ലോക്ക് മൂലം യാത്രക്കാർ വലഞ്ഞു. എം.സി റോഡിലേയും എം.സി റോഡിലേക്ക് വരുന്ന വാഹനങ്ങൾക്കും യാത്രക്കാർക്കും ശാസ്ത്രീയമായ രീതിയിൽ സമയം കൊടുത്തല്ല സിഗ്നൽ പ്രവർത്തിക്കുന്നത് എന്ന ആക്ഷേപം നഗരത്തിലെ കച്ചവടക്കാരും നാട്ടുകാരും ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്നലെ രാവിലെ ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചിരുന്നു. എം.സി റോഡിലെ യാത്രക്കാർക്ക് വേണ്ടത്ര സമയം അനുവദിച്ചാണ് സിസ്റ്റം പ്രവർത്തിച്ചു വരുന്നതെന്നും കുറവിലങ്ങാട് കോഴയിലും ടൗണിലും പ്രവർത്തിക്കുന്ന അതേ സമയ ക്ലിപ്തത അനുസരിച്ചാണ് ഇവിടെയും ട്രാഫിക് സിസ്റ്റം പ്രവർത്തിപ്പിക്കുന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. പരിശോധനയ്ക്കും മാറ്റങ്ങൾക്കും ശേഷവും വീണ്ടും സിഗ്നൽ ലൈറ്റ് സിസ്റ്റം പ്രവർത്തിച്ച തുടങ്ങിയിട്ടും എല്ലാം പഴയപടി തന്നെയായി. ഇതേതുടർന്ന് വൈകുന്നേരത്തോടെ സിഗ്നൽ സിസ്റ്റം ഓഫ് ആക്കി. ഇതോടെ വാഹനങ്ങൾ സുഗമമായി ബ്ലോക്കില്ലാതെ കടന്നുപോയി. ശാസ്ത്രീയമായ രീതിയിൽ സിഗ്നൽ സിസ്റ്റം പ്രവ‌ർത്തിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.