പറവൂർ: പറവൂർ നഗരപ്രദേശത്തെ മുഴുവൻ മാലിന്യങ്ങളും ശേഖരിച്ച് സംഭരിക്കുന്ന വെടിമറ മാലിന്യ സംഭരണ കേന്ദ്രത്തിന്റെ അവസ്ഥ ഒരോ ദിവസവും കഴിയുന്തോറും കൂടുതൽ അപകടകരമാകുകയാണ്. വർഷങ്ങളായി ഇവിടെ സംഭരിച്ചിട്ടുള്ള മാലിന്യങ്ങൾ സംസ്കരിക്കാനുള്ള യാതൊരു നടപടികളും നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. നിരവധി പദ്ധതികൾ പല കാലങ്ങളിലായി പരീക്ഷിച്ചെങ്കിലും ഇവയൊന്നും ഫലം കണ്ടില്ല. കഠിനമായ ദുർഗന്ധം കാരണം മഴക്കാലമായാൽ സമീപത്തുള്ളവർ വീട് വിട്ടുപോകേണ്ട അവസ്ഥയാണ്. വേനൽക്കാലത്താണെങ്കിൽ ഏത് നിമിഷവും തീപ്പിടത്തമുണ്ടായി വലിയൊരു അപകടത്തിനുള്ള സാദ്ധ്യതയും ഏറെയാണ്. മൂന്ന് ഏക്കറോളം വരുന്ന സംഭരണകേന്ദ്രത്തിൽ പ്ളാസ്റ്റിക്ക്, ജൈവ മാലിന്യങ്ങളും തരംതിരിക്കാതെയാണ് അലക്ഷ്യമായി ഇട്ടിരിക്കുന്നത്. പറവൂർ മാർക്കറ്റ്, നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾ, വീടുകൾ, വഴിയോരങ്ങൾ എന്നിവിടങ്ങളിലെ എല്ലാതരം മാലിന്യങ്ങളും ഇവിടെ കുന്നുകൂട്ടിയിട്ടിരിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് ഇവിടെ മാലിന്യത്തിന് തീപിടുത്തം ഉണ്ടായിട്ടും ബന്ധപ്പെട്ടവർ ഇതുവരെ ഉണർന്ന് പ്രവർത്തിച്ചിട്ടില്ല. പ്രദേശവാസികളുടെ പ്രതിഷേധങ്ങൾക്ക് വിലകല്പിക്കാതെ ഭരണനേതൃത്വം നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണ്.
---------------------------------------------------------------------------------
പാളിപ്പോയ പദ്ധതികൾ
മാലിന്യ സംസ്കരണത്തിന് രണ്ട് പതിറ്റാണ്ട് മുമ്പേ പദ്ധതി തയ്യാറാക്കി എന്നാൽ പ്ളാസ്റ്റിക്, ഖരമാലിന്യങ്ങൾ സംസ്കാരിക്കാനുള്ള ഈ പദ്ധതികളെല്ലാം പാളിപോയി ആകെയുള്ളത് മാർക്കറ്റിലെ ജൈവമാലിന്യങ്ങൾ സംസ്കാരിച്ച് ജൈവവളമാക്കുന്ന മണ്ണിരകമ്പോസ്റ്റ് യൂണിറ്ര് മാത്രം ലോകബാങ്കിന്റെ സഹകരണത്തോടെ കേരള സോളിഡ് വേസ്റ്ര് മാനേജ്മെന്റ് 2023 ഒക്ടോബറിൽ ബയോമൈനിംഗ് പദ്ധതി തയ്യാറാക്കി എന്നാൽ ഇതും പ്രഖ്യാപനം മാത്രമായി ബയോമൈനിംഗ് ഉടൻ തുടങ്ങുമെന്നുള്ള നഗരസഭയുടെ ഉറപ്പും അടുത്തെങ്ങും നടക്കാൻ സാദ്ധ്യതയില്ല
-----------------------------------------------------------------------
മുന്നറിയിപ്പിന് പുല്ലുവില
വെടിമറ മാലിന്യകേന്ദ്രത്തിന് തീപിടിച്ചാൽ അണയ്ക്കാൻ പ്രയാസമാണെന്ന് ഫയർഫോഴ്സ് വർഷങ്ങൾക്ക് മുമ്പ് ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിച്ചിട്ടുണ്ട് വലിയൊരു മേഖലയിലുള്ളവർക്ക് ശ്വാസതടസം ഉൾപ്പെടെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടാകും
2020ൽ തീപിടുത്തമുണ്ടായപ്പോൾ ഏഴ് യൂണിറ്റുകളിൽ നിന്ന് പത്ത് ഫയർ എൻജിനുകളെത്തിയാണ് തീയണച്ചത്
അന്ന് മൂന്ന് വാർഡുകളിലുള്ളവർക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായതിനാൽ മെഡിക്കൽ ക്യാമ്പുകൾ തുറക്കേണ്ടിവന്നു
-------------------------------------------------
മാലിന്യ സംസ്കരണം
പ്രായോഗിക മാർഗം
1. മാലിന്യങ്ങൾ ശേഖരിക്കുമ്പോൾ തന്നെ തരം തിരിക്കുക
2. കഴിയുന്നതും പുനരുപയോഗിക്കുക
3. ജൈവമാലിന്യങ്ങൾ സംസ്കരിച്ച് വളമാക്കുക
4. വർഷങ്ങൾ പഴക്കമുള്ള മാലിന്യങ്ങൾ ബയോമൈനിംഗ് നടത്തുക
5. മറ്റ് മാലിന്യങ്ങൾ പ്രകൃതിക്ക് ദോഷകരമല്ലാത്ത രീതിയിൽ സംസ്കരിക്കുക