p
സണ്ണി മാധവനും സജയൻ മാധവനും

കൊച്ചി: ആലപ്പുഴ ഉളവയ്പിലെ കായലിൽ മത്സ്യത്തൊഴിലാളി സുഹൃത്തുക്കൾക്കൊപ്പം വലവീശുന്നതിനിടെ സണ്ണി മാധവൻ താളമിട്ട് പാടി, ഈ കായലിന്റെ ചെളിമണ്ണിൽ അനുജൻ സജയൻ മാധവൻ ശില്പങ്ങൾ തീർത്തു.. ഇരുവരും ഇപ്പോൾ തിരക്കുള്ള സിനിമാക്കാർ. സണ്ണി കന്നഡ സിനിമയിൽ സംഗീത സംവിധായകൻ. സജയൻ തമിഴ് സിനിമയിലെ അനിമട്രോണിക്സ് (മൃഗങ്ങളുടെയോ പക്ഷികളുടെയോ രൂപങ്ങളുണ്ടാക്കി അവ ചലിപ്പിച്ച് ഷൂട്ട് ചെയ്യുന്നത്) വിദഗ്ദ്ധൻ. ആലപ്പുഴ പൂച്ചാക്കൽ ചാലുങ്കൽത്തറ മാധവന്റെ മക്കളാണ് ഇരുവരും.

ബാല്യകാലത്ത് ദണ്ഡപാണി ഭാഗവതരിൽ നിന്ന് സംഗീതം പഠിച്ച സണ്ണി കോളേജ് പഠനശേഷം നാട്ടിലെ ഗാനമേള ട്രൂപ്പുകളിൽ സജീവമായി. കുടുംബഭാരമേൽക്കേണ്ടി വന്നപ്പോൾ 1998ൽ ബംഗളൂരുവിലെത്തി ഹോട്ടലിൽ സപ്ളയറായി. സുഹൃത്തുക്കളുടെ സഹകരണത്തോടെ 2011ൽ ഇറക്കിയ ആൽബം കന്നഡ സിനിമയിലേക്ക് വഴിതുറന്നു. 2012ൽ അക്കാ പക്കാ, ബബ്ളുഷ എന്നീ സിനിമകൾക്ക് പാട്ടൊരുക്കി. കഴിഞ്ഞയാഴ്ച റിലീസായ കലി കുഡുകരുവാണ് പുതിയ സിനിമ. മലയാളത്തിൽ ആദ്യസിനിമ 'ബിഹൈൻഡ്' ഉടൻ റിലീസാകും. ഭാര്യ കെ.കെ.രാധാമണി. മകൻ: ചാരുകേശ് രാഗ്.

ചിത്ര, ശില്പ കലകളിൽ താല്പര്യമുണ്ടായിരുന്ന സജയൻ ബംഗളൂരു കാനറ ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർട്ടിസാൻസിൽ നിന്ന് ഡിപ്ളോമ നേടിയിട്ടുണ്ട്. ഷങ്കർ ചിത്രമായ യന്തിരൻ 2.0വിലൂടെ തമിഴ് സിനിമയിലെത്തി. ചിത്രത്തിൽ അക്ഷയ് കുമാറിന്റെ തോളിൽ വന്നിരിക്കുന്ന ഏഴ് പക്ഷികൾക്ക് രൂപവും ജീവനും നൽകിയത് സജയനാണ്. 'മെർസലി'ൽ നവജാത ശിശുവിനെ ഒരുക്കിയതോടെ തമിഴകത്ത് തിരക്കേറി. ഉദയനിധി സ്റ്റാലിൻ നായകനായ മിഷ്ക്കിന്റെ 'സൈക്കോ'യിലേക്ക് നിർമ്മിച്ച പത്തുതലകളും ശ്രദ്ധയാകർഷിച്ചു. തമിഴ്നാട് സർക്കാർ മ്യൂസിയത്തിലെ ജയലളിതയുടെ രണ്ട് പ്രതിമകളുടെ ശില്പിയുമാണ്. ഇപ്പോൾ ക്രിയേറ്റീവ് ആർട്ട് ഡയറക്ടറായി വിജയ് സേതുപതി ചിത്രമായ 'ട്രെയിനി'ന്റെ തിരക്കിൽ. ഭാര്യ: സുകന്യ.

''ജന്മനാട്ടിലെ സിനിമകളിൽ സംഗീതമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഏറെപ്പേർ സമീപിക്കുന്നുണ്ട്.

-സണ്ണി മാധവൻ

''അനിമട്രോണിക്സ് ഉപയോഗം മലയാള സിനിമകളിൽ കുറവാണെങ്കിലും അതിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ പുതുതലമുറ സംവിധായകർ എത്തുമെന്നാണ് പ്രതീക്ഷ

-സജയൻ മാധവൻ