bvill
ഇടിഞ്ഞു വീഴാറായ പട്ടിമറ്റം വില്ലേജ് ഓഫീസ് പഴയ കെട്ടിടം

കോലഞ്ചേരി: പട്ടിമറ്റം വില്ലേജ് ഓഫീസിന്റെ പഴയ കെട്ടിടം അതീവ അപകടാവസ്ഥയിൽ. ഓഫീസ് പുതിയ കെട്ടിടത്തിലേയ്ക്ക് മാറി ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും ശോച്യാവസ്ഥയിലായ പഴയ കെട്ടിടം പൊളിക്കാൻ നടപടിയില്ല. പട്ടിമ​റ്റത്തിനടുത്ത് നീലിമലയിൽ പുതുക്കി പണിത പുതിയ ഓഫീസിന് സമീപം റവന്യൂ പുറമ്പോക്കിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. വില്ലേജ് ഓഫീസിലെത്തുന്നവരിൽ പലരും ഇരുചക്ര വാഹനങ്ങളും കാറും പാർക്ക് ചെയ്യുകയും വിശ്രമിക്കുകയും ചെയ്യുന്നത് ഈ കെട്ടിടത്തിന് സമീപമാണ്. കോൺക്രീ​റ്റ് മേൽക്കൂരയിൽ മുളച്ചു നില്ക്കുന്ന കശുമാവിനും പൂക്കളും കായ്‌കളുമായി. ഭിത്തിയിൽ മുളച്ച ആൽ വളർന്ന് വലുതായിക്കഴിഞ്ഞു. ഭിത്തികൾ വിണ്ടുകീറിയും മേൽക്കൂര ഇടിഞ്ഞും ഏതു നിമിഷവും കെട്ടിടം നിലം പൊത്താവുന്ന അവസ്ഥയിലാണ്. മേൽക്കൂരയിലെ കോൺക്രീ​റ്റ് ഇടിഞ്ഞ് വീണും ഭിത്തിയുടെ തേപ്പ് പൊളിഞ്ഞും കെട്ടിടത്തിന്റെ ഉൾഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. സമീപത്ത് നിരവധി വീടുകളും സർക്കാർ ഓഫീസുകളുമുണ്ട്. വില്ലേജ് ഓഫീസ്, കൃഷിഭവൻ എന്നിവിടങ്ങളിലേക്ക് എത്തുന്നവരും കെട്ടിടത്തിന് സമീപമാണ് വിശ്രമിക്കുന്നത്.

വില്ലേജ് ഓഫീസ് അധികൃതർ നേരത്തെ പലവട്ടം കെട്ടിടത്തിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നതാണ്. ഒരു അപകടം നടക്കുന്നതിന് മുന്നേ ഇത് പൊളിച്ചു മാ​റ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നേരത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്കായി അ​റ്റകു​റ്റ പണി പൂർത്തിയാക്കി കെട്ടിടം വിട്ടു തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം അംഗീകരിക്കപ്പെട്ടില്ല. മഴ പെയ്യുമ്പോഴടക്കം ആ വഴി യാത്ര ചെയ്യുന്നവർ താത്കാലികമായി ഈ കെട്ടിടത്തിന്റെ വശങ്ങളിലാണ് അഭയം തേടുന്നത്. വലിയ അപകടങ്ങൾക്കുള്ള സാദ്ധ്യതയും ഇവിടെയുണ്ട്. കെട്ടിടം അടിയന്തിരമായി പൊളിച്ച് മാ​റ്റണം

ടി.എ. ഇബ്രാഹിം

പഞ്ചായത്ത് അംഗം

കുന്നത്തുനാട്

ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത് ടി.എച്ച്. മുസ്തഫ എം.എൽ.എ ആയിരിക്കുമ്പോൾ 1986 ൽ അന്നത്തെ മന്ത്റി പി.ജെ. ജോസഫ് പുതിയ കെട്ടിടം നിർമ്മിച്ച് പ്രവർത്തനം മാറ്റിയത് ഈ കെട്ടിടം ശോച്യാവസ്ഥയിലായതോടെ 2010ൽ അഡ്വ. എം.എം. മോനായി എം.എൽ.എ ആയിരിക്കുമ്പോൾ 2011ൽ പുതിയ ഓഫീസിന്റെ ഉദ്ഘാടനം നടത്തി 12 വർഷം പിന്നിട്ടിട്ടും അന്നേ ശോച്യവസ്ഥയിലായ പഴയ കെട്ടിടം പൊളിച്ച് മാ​റ്റാനായിട്ടില്ല കെട്ടിടം പൊളിക്കാൻ മുൻകൈ എടുക്കേണ്ടത് പൊതുമരാമത്ത് വകുപ്പിലെ കെട്ടിട വിഭാഗം