ആലുവ: എൻ.എ.ഡി റോഡിൽ ഭൂഗർഭപൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിയെടുത്ത മൺകൂനയിൽ തട്ടി മറിഞ്ഞ ഇരുചക്ര വാഹന യാത്രികന് ഗുരുതരമായി പരുക്കേറ്റു. എടയപ്പുറം കവണിയാക്കോടത്ത് വീട്ടിൽ അഖിൽ ജയനാണ് (30) പരിക്കേറ്റത്. ഇയാളെ ഇടപ്പള്ളി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അടിവാരം ബസ് സ്റ്റോപ്പിന് സമീപം കുത്തനെയുള്ള ഇറക്കത്തിൽ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാതെ മണ്ണ് റോഡിൽ സ്ഥാപിച്ച് അധികൃതർ അപകടം ക്ഷണിച്ചുവരുത്തുകയായിരുന്നു.
യുവാവിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ബി.ജെ.പി ആലുവ മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുമ്പടന്ന, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് എ.എസ്. സലീമോൻ എന്നിവർ ആവശ്യപ്പെട്ടു. സംഭവത്തിൽ പൊതുമരാമത്ത്, ജല അതോറിട്ടി, കരാറുകാർ തുടങ്ങിയവർ കുറ്റക്കാരാണെന്നും ബി.ജെ.പി ആരോപിച്ചു.