കൊച്ചി: സ്‌കൂൾ ലീഡർ തിരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ നടത്തി എറണാകുളം ഗവ. ഗേൾസ് എൽ. പി സ്‌കൂൾ മാതൃകയായി. പത്രികാ സമർപ്പണം, സൂക്ഷ്മപരിശോധന, പ്രചാരണം, വോട്ടിംഗ് തുടങ്ങിയ എല്ലാഘട്ടത്തിലും സാധാരണ തിരഞ്ഞെടുപ്പിലെ നടപടിക്രമങ്ങൾ പാലിച്ചു. മലപ്പുറം കൈറ്റ് തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിംഗ് രീതിയിലായിരുന്നു തിരഞ്ഞെടുപ്പ്.
എൻ.പി. ധിയ സുമേഷ് ലീഡറായി. നാലാംക്ലാസ് വിദ്യാർത്ഥികളായ റെയ്‌ഹാന പ്രിസൈഡിംഗ് ഓഫീസറും ഗൗരി ആർ. നായർ, കെ.പി. അമോലിക, അനഘനന്ദ തുടങ്ങിയവർ ഉദ്യോഗസ്ഥരുമായി. നേഹ സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം വോളണ്ടിയർമാരായി. ഭാവിയിലെ സമ്മതിദായകരെ തിരഞ്ഞെടുപ്പ് സംവിധാനം പരിചയപ്പെടുത്താൻ കഴിഞ്ഞെന്ന് നേതൃത്വം നൽകിയ അദ്ധ്യാപിക റീജ സുനീർ പറഞ്ഞു.