കോതമംഗലം: കൃഷിവകുപ്പിന്റെ ഉന്നതതലയോഗങ്ങൾ ജനങ്ങൾക്ക് കാണാനും കേൾക്കാനും കഴിയുംവിധമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂർ പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യ വികസനവും നീർച്ചാൽ സംരക്ഷണ പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നെല്ല് ഉത്പാദനത്തിന്റെ കാര്യത്തിൽ പരിമിതികൾ ഉണ്ടെങ്കിലും പച്ചക്കറി ഉത്പാദിപ്പിക്കുന്നതിൽ സ്വയം പര്യാപ്തമാകാൻ സംസ്ഥാനത്തിന് ശേഷിയുണ്ടെന്നും മന്ത്രി പറഞ്ഞു. പാടശേഖരങ്ങൾ കൃഷിക്ക് അനുയോജ്യമാക്കുന്നതിന് നീർചാലുകളുടെ സംരക്ഷണത്തിനടക്കം പ്രാധാന്യം നൽകുന്ന സമീപനം സ്വീകരിക്കണം. അതിനായി ഫണ്ടുകൾ കണ്ടെത്താൻ നാം പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ്, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ, മീറ്റ് പ്രൊഡക്‌ട്‌സ് ഒഫ് ഇന്ത്യ ചെയർമാൻ ഇ.കെ. ശിവൻ തുടങ്ങിയവർ പ്രസംഗിച്ചു. മുതിർന്ന കർഷകൻ വി.എ. തങ്കപ്പൻ, വേമ്പനാട്ട് കായൽ നീന്തി കടന്ന എട്ടാം ക്ലാസ് വിദ്യാർത്ഥി അസ്ഫർ ദിയാൻ അമിൻ എന്നിവരെ മന്ത്രി ആദരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാറ്റൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ബെൻസി ജോയി 25,000 രൂപയുടെ ചെക്ക് മന്ത്രി പി. പ്രസാദിന് കൈമാറി.