കൊച്ചി: എറണാകുളം ജനറൽ ആശുപത്രി വളപ്പിൽ സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിൽ അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസം 13കഴിഞ്ഞു. 2023 ആഗസ്റ്റിൽ അമ്മത്തൊട്ടിൽ ഉടൻ തുറന്ന് പ്രവർത്തനം ആരംഭിക്കുമെന്നും അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാൻ തലസ്ഥാനത്തുനിന്ന് ആളെത്തുമെന്നുമൊക്കെയായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. ഒന്നും നടന്നില്ലെന്നുമാത്രമല്ല പതിയെപ്പതിയെ അമ്മത്തൊട്ടിൽ സംവിധാനംതന്നെ വിസ്മൃതിയിലാകുകയും ചെയ്തു.
പുതിയ കരാറുകാരനാണ് ജോലികൾ ചെയ്യേണ്ടത് എന്നതിലുടക്കിയാണ് അറ്റകുറ്റപ്പണി വൈകുന്നത്.
വാതിലിന്റെ സെൻസർ തകരാറായതിനാലാണ് അമ്മത്തൊട്ടിൽ അടച്ചിട്ടത്. 2011ൽ ആരംഭിച്ച അമ്മത്തൊട്ടിലിൽ 2023 ഏപ്രിൽ 24നാണ് അവസാനമായി ഒരു കുഞ്ഞിനെ ലഭിച്ചത്. 2.75കിലോ ഭാരമുള്ള കുഞ്ഞിനെയാണ് അന്ന് ലഭിച്ചത്. എൻ.ജി.ഒ ആയിട്ടുള്ള ശിശുക്ഷേമസമിതി സ്ഥാപിച്ച സംസ്ഥാനത്തെ രണ്ടാമത്തെ ഹൈടെക് അമ്മത്തൊട്ടിലാണിത്.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് മുഖേന സജ്ജമാക്കിയ അമ്മത്തൊട്ടിൽ 2020ൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ചിരുന്നു. ഇതുവരെ മൂന്ന് കുട്ടികളെയാണ് ഇവിടെ ലഭിച്ചത്.
സെൻസറും ഇന്റർനെറ്റും ഉപയോഗിച്ചാണ് പ്രവർത്തനം. കുഞ്ഞുമായി പടി കയറുമ്പോൾ വാതിൽ താനേതുറക്കും. കുട്ടിയെ തൊട്ടിലിൽ കിടത്തിയാൽ ഉടൻ 'കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള നിങ്ങളുടെ തീരുമാനം അവസാനത്തേതാണോ?' എന്ന ചോദ്യം സ്പീക്കറിലൂടെ മുഴങ്ങും. എന്നിട്ടും കുഞ്ഞിനെ തൊട്ടിലിൽവച്ചാൽ പിന്നീട് തിരിച്ചെടുക്കാനാകില്ല. തനിയെ അടയുന്ന വാതിൽ പിന്നീട് പുറമേനിന്ന് തുറക്കാനാകില്ല. അമ്മത്തൊട്ടിലിൽ സ്ഥാപിച്ച ക്യാമറയിൽ കുഞ്ഞിന്റെ ഫോട്ടോ പതിയും. തൂക്കവും ഫോട്ടോയും അടങ്ങുന്ന വിശദാംശം കളക്ടർക്കും ശിശുക്ഷേമസമിതി ഭാരവാഹികൾക്കും വാട്‌സാപിലൂടെ ലഭിക്കും.
ശിശുക്ഷേമസമിതിയിൽ ഘടിപ്പിച്ചിരിക്കുന്ന മോണിട്ടറിലും കുട്ടി എത്തിയ വിവരം തെളിയുകയും ബസർ മുഴങ്ങുകയും ചെയ്യും. ആശുപത്രിയിലെ മെറ്റേണിറ്റി വാർഡിലെ സ്‌ക്രീനിലും ദൃശ്യങ്ങളെത്തും. അവിടെയും ബസറുണ്ട്. പിന്നാലെ അകത്തുനിന്ന് തുറക്കാവുന്ന വാതിലിലൂടെ ആയമാർ എത്തി കുഞ്ഞിനെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റും.
കുഞ്ഞിനെ ഉപേക്ഷിക്കുന്ന ആളുടെ ചിത്രം ക്യാമറയിൽ തെളിയില്ല. വിവരങ്ങൾ രഹസ്യമായിരിക്കാനാണിത്.
കുട്ടിയെ ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കിയശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കുക ജുഡീഷ്യൽ അധികാരമുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) ആണ്. കുട്ടിക്ക് എവിടെ സംരക്ഷണം നൽകണം എന്നതുൾപ്പെടെ ഇവരുടെ പരിധിയിൽ വരും.
ജനറൽ ആശുപത്രി നിസഹായർ
ശിശുക്ഷേമസമിതിക്കാണ് നടത്തിപ്പ് ചുമതലയെന്നതിനാൽ ജനറൽ ആശുപത്രി അധികൃതർക്ക് ഇതിന്റെ നടത്തിപ്പിനായി ഒന്നും ചെയ്യാനാകില്ല. ആശുപത്രിയിലുള്ള ശിശുക്ഷേമസമിതി അംഗത്തിന്റെ പക്കലാണ് അമ്മത്തൊട്ടിലിന്റെ ഒരു താക്കോലുള്ളതെന്നതും ശ്രദ്ധേയം.
* പ്രവർത്തനം തുടങ്ങിയത് - 2011ൽ
* നവീകരിച്ചത് - 2020ൽ
* നടത്തിപ്പ് ചുമതല - എൻ.ജി.ഒ ആയ ശിശുക്ഷേമസമിതിക്ക്
* ഇതുവരെ ലഭിച്ചത് - മൂന്ന് കുട്ടികളെ
* അവസാനം കുട്ടിയെ ലഭിച്ചത് - 2023 ഏപ്രിലിൽ