ആലുവ: നഗരസഭ നഗരത്തിൽ നിർമിക്കുന്ന ഓപ്പൺ എയർ സ്റ്റേജിന് കെട്ടിട നിർമാണ ചട്ടങ്ങൾ (കെ.എം.ബി.ആർ) ബാധകമല്ലെന്ന ആലുവ നഗരസഭാ ചെയർമാൻ എം.ഒ. ജോണിന്റെ നിലപാട് വിചിത്രമെന്ന് ബി.ജെ.പി ആരോപണം. കഴിഞ്ഞ കൗൺസിൽ യോഗത്തിന്റെ മിനിട്‌സ് ലഭിച്ചപ്പോഴാണ് ഈ നിലപാട് പുറത്തായതെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു. ഓപ്പൺ എയർ സ്റ്റേജിന് അംഗീകരിച്ച രൂപരേഖ, പി.സി.ബി - റെയിൽവേ തുടങ്ങിയവയുടെ എൻ.ഒ.സികൾ എന്നിവ ലഭ്യമാക്കിയിട്ടില്ല. തുടക്കം മുതൽ പ്രതിഷേധം ഉയർന്നിട്ടും ഇതെല്ലാം അവഗണിച്ചാണ് നിർമ്മാണം തുടരുന്നത്. നഗരസഭയുമായി ബന്ധപ്പെട്ട നിയമങ്ങൾ ചെയർമാൻ ഇനിയും പഠിക്കണമെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് കെ. ശ്രീകാന്ത് പറഞ്ഞു.