nochima

ആലുവ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ആലുവ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നടന്ന ശോഭായാത്ര വർണാഭമായി. ഗ്രാമീണ മേഖലകളിൽ രാവിലെയായിരുന്നു ശോഭയാത്രകൾ. വൈകിട്ടാണ് ആലുവ നഗരം കേന്ദ്രീകരിച്ച് ശോഭായാത്ര നടന്നത്. ആലുവയിൽ വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് പ്രണാമം അർപ്പിച്ച ശേഷമാണ് മഹാശോഭയാത്ര ആരംഭിച്ചത്. നൂറുകണക്കിന് ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരന്നു. നിശ്ചല ദൃശ്യങ്ങളും ഉറിയടിയും നൃത്തനൃത്യങ്ങളും ശോഭായാത്രയ്ക്ക് മിഴിവേകി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ ശോഭയാത്രയിൽ പങ്കെടുക്കാനെത്തിയ ഗോപികമാർക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

പെരുമ്പിള്ളി ക്ഷേത്രത്തിൽ നിന്ന് വൈകിട്ട് അഞ്ച് മണിയോടെ ആരംഭിച്ച ശോഭായാത്ര രാത്രി ഏഴരയോടെ നഗരം ചുറ്റി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.

ബാലഗോകുലം ജില്ലാ കാര്യദർശി ജി. പത്മകുമാർ, താലൂക്ക് കാര്യദർശി ആനന്ദ്, നഗരസഭാ കൗൺസിലർമാരായ എസ്. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ, വിവിധ സംഘടനാ ഭാരവാഹികളായ എ. സെന്തിൽകുമാർ, ആർ. പത്മകുമാർ, ആർ. രാജശേഖരൻ, സതീഷ് കുമാർ, ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.

നൊച്ചിമയിലും ശോഭയാത്ര

ആലുവ: നൊച്ചിമ വിവേകാനന്ദ ബാലഗോകുലത്തിന്റെ അഭിമുഖ്യത്തിൽ വിവേകാനന്ദ ആശ്രമത്തിൽ നിന്നും ആരംഭിച്ച ശ്രീകൃഷ്ണജയന്തി ശോഭായാത്ര ഗ്രാമ പ്രദക്ഷിണം നടത്തി പോട്ടച്ചിറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.