പറവൂർ: ശ്രീകൃഷ്ണജയന്തിയുടെ നിറവിൽ നാടും നഗരവും ശോഭായാത്ര കൊണ്ട് നിറഞ്ഞു. ഉണ്ണിക്കണ്ണന്റെയും രാധയുടെയും വേഷംധരിച്ച കുട്ടികൾ ദൃശ്യവിരുന്നായി. ബാലഗോകുലങ്ങളുടെ നേതൃത്വത്തിലാണ് ശോഭായാത്ര നടന്നത്. പീലിത്തിരുമുടി ചൂടിയ ഉണ്ണിക്കണ്ണന്മാർക്കും വർണച്ചേലകൾ ചുറ്റിയ രാധമാർക്കുമൊപ്പം കൃഷ്ണാവതാര കഥയിലെ വിവിധ ദൃശ്യങ്ങളും അവതരിപ്പിച്ച ശോഭായാത്രകൾ ഭക്തിസാന്ദ്രമായിരുന്നു. ദക്ഷിണ ഗുരുവായൂർ എന്നിറിയപ്പെടുന്ന പറവൂർ കണ്ണൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പുരാണപാരായണം, നാരായണീയം, പ്രസാദഊട്ട്, ഭക്തിഗാനമത്സരം, വിളക്കിനെഴുന്നള്ളിപ്പ്, ഉറയടി, അഭിഷേകം, അവതാരപൂജ എന്നിവ നടന്നു. പറവൂർ നഗരത്തിൽ ബാലഗോകുലത്തിന്റെ ശോഭായാത്ര പെരുവാരം മഹാദേവക്ഷേത്രം പടിഞ്ഞാറെ നടയിൽ നിന്നാരംഭിച്ച് നഗരം ചുറ്റി കണ്ണൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രം, കരിമ്പാടം ശ്രീവല്ലേശ്വരി ക്ഷേത്രം, ചേന്ദമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കോട്ടയിൽകോവിലകം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കൊട്ടുവള്ളിക്കാട് ആലുങ്കൽ ക്ഷേത്രം, മാല്യങ്കര കണ്ണേക്കാട്ട് ക്ഷേത്രം, വാവക്കാട് ശ്രീധർമശാസ്താ ക്ഷേത്രം, കരുമാല്ലൂർ പുറപ്പള്ളിക്കാവ് ക്ഷേത്രം, പുതുക്കാട് എള്ളുപറമ്പ് ക്ഷേത്രം, വെളിയത്തുനാട് ആറ്റിപുഴക്കാവ് ക്ഷേത്രം, കോട്ടുവള്ളി തൃക്കപുരം ക്ഷേത്രം, തത്തപ്പിള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, നന്തികുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലേക്കും ശോഭായാത്രകൾ നടന്നു. കൈതാരം എടയാറ്റ് ചൊവ്വാ ഭഗവതി ക്ഷേത്രത്തിൽ ഗോപൂജ, ഉണ്ണിയൂട്ട്, പ്രസാദഊട്ട്, മഹാശോഭയാത്ര, ഉറിയടി എന്നിവയുണ്ടായി. എടയാറ്റ് ചൊവ്വാ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശോഭായാത്ര കെൈതാരം ശ്രീരാമ ഭജനമഠത്തിൽ സമാപിച്ചു. തുടർന്ന് ഗോപികനൃത്തം നടന്നു.