മുവാറ്റുപുഴ: മീരാസ് ഡിജിറ്റൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഐ.എ.എസ് സഹോദരന്മാരായ ഡോ. പി.ബി. സലീം, പി.ബി. നൂഹ് എന്നിവർ തങ്ങളുടെ പിതാവായ പി.കെ. ബാവയുടെ ഓർമ്മയ്ക്കായി നിർമ്മിച്ച സെവൻസ് ഫുട്ബോൾ ഗ്രൗണ്ട് നാടിന് സമർപ്പിച്ചു. ഗ്രൗണ്ടിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. മോഹൻ ബഗാൻ ക്യാപ്റ്റനും ഇന്ത്യൻ ഗോളിയുമായ സുഭാഷിഷ് റോയ് ചൗധരി ചടങ്ങിൽ മുഖ്യാതിഥിയായി. ഹൈദരാബാദ് എഫ്.സി താരം മുഹമ്മദ് റാഫി, സന്തോഷ് ട്രോഫി താരം സലിം കുട്ടി തുടങ്ങിയവരെയും ആദ്യകാല ഫുട്ബോൾ താരങ്ങളെയും ചടങ്ങിൽ ആദരിച്ചു. പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. അദ്ധ്യക്ഷനായി. അസീസ് കുന്നപ്പിള്ളി, സർക്കിൾ ഇൻസ്പെക്ടർ കെ. ഉണ്ണിക്കൃഷ്ണൻ, സജിത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമീണ മേഖലയിൽ കായിക വികസനത്തിന് വഴിതെളിക്കുന്ന ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ സ്പോർട്സ് അക്കാഡമിയും പരിശീലനവും സ്ഥിരം മത്സരവേദിയും ലഭ്യമാക്കും. മീരാസ് ഡിജിറ്റൽ പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി.