വൈപ്പിൻ: ശ്രീകൃഷ്ണജയന്തി ദിനത്തിൽ വൈപ്പിൻകരയിലെ ശ്രീകൃഷ്ണക്ഷേത്രങ്ങളിൽവിശേഷാൽ പൂജകളും പിറന്നാൾ സദ്യകളും നടന്നു. മുനമ്പം ശ്രീകൃഷ്ണ ക്ഷേത്രം,മുനമ്പം വ്യാസനഗർ, പള്ളിപ്പുറം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, എടവനക്കാട് അണിയൽ ക്ഷേത്രം എന്നിവിടങ്ങളിൽ ഉച്ചക്ക് പിറന്നാൾ സദ്യയും വൈകിട്ട് ദീപക്കാഴ്ചയും പ്രസാദ വിതരണവുമുണ്ടായി.
ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ വൈകിട്ട് വിവിധ ക്ഷേത്രങ്ങളിൽനിന്ന് ആരംഭിച്ച ശോഭായാത്രകളിൽ ഉണ്ണിക്കണ്ണന്റെയും ഗോപികമാരുടെയും വേഷങ്ങൾ അണിഞ്ഞ് നൂറു കണക്കിന് ബാലികാബാലന്മാർ അണിനിരന്നു. വാദ്യസംഘങ്ങളുടെയും നൃത്തസംഘങ്ങളുടെയും അകമ്പടിയോടെ സന്ധ്യയോടെ പ്രധാന ക്ഷേത്രങ്ങളിലെത്തി ഉറിയടി, പ്രസാദ വിതരണം എന്നിവയോടെ സമാപിച്ചു.
പള്ളിപ്പുറം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം,ചെറായി ഗൗരീശ്വര ക്ഷേത്രം,പള്ളത്താംകുളങ്ങര ഭഗവതി ക്ഷേത്രം, എടവനക്കാട് അണിയൽ ക്ഷേത്രം, നായരമ്പലം ശങ്കരനാരായണ ക്ഷേത്രം, നെടുങ്ങാട് ദുർഗാദേവി ക്ഷേത്രം, ഞാറക്കൽ ബാലഭദ്രദേവി ക്ഷേത്രം, എളങ്കുന്നപ്പുഴ നാറാണത്ത് ശ്രീകൃഷ്ണ ക്ഷേത്രം, പുതുവൈപ്പ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കാളമുക്ക് മല്ലികാർജുന ക്ഷേത്രം, പുതുവൈപ്പ് അയോദ്ധ്യാപുരം ശ്രീരാമ ക്ഷേത്രം എന്നിവിടങ്ങളിലാണ് ശോഭായാത്രകൾ സമാപിച്ചത്.