വൈപ്പിൻ: വേലിയേറ്റത്തിൽ വെള്ളം കയറി ദുരിതത്തിലായി എടവനക്കാട് 9-ാം വാർഡ് മൂരിപ്പാടം പ്രദേശത്തെ അമ്പതോളം വീടുകൾ. മഴക്കാലത്ത് മാത്രമല്ല വേനൽക്കാലത്തും ഇവിടങ്ങളിൽ വെളളം കയറും. പാടങ്ങളും ചിറകളും നിറഞ്ഞ പ്രദേശമായതിനാലാണ് വെള്ളക്കെട്ട് പതിവാകുന്നത്. വേലിയേറ്റത്തിൽ റോഡുകൾ വെള്ളം കയറി മുങ്ങുന്നതിനാൽ ഗതാഗതം തടസപ്പെടുകയാണ്. ഒഴുകിയെത്തുന്ന വെള്ളത്തിലൂടെ മാലിന്യങ്ങളും നിറയുന്നത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കാലങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് ശാശ്വതപരിഹാരം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.