കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ചില നടന്മാർക്കെതിരെ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങളിലും അംഗങ്ങൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയിലും ആടിയുലഞ്ഞ് താരസംഘടനയായ 'അമ്മ'. പൊലീസിൽ പരാതികൾ എത്തിത്തുടങ്ങിയതോടെ കൂടുതൽ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
ആരോപണങ്ങൾ പെരുമഴപോലെ വരുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നിലപാടിൽ വ്യക്തത വരുത്താനും സംഘടനയ്ക്ക് കഴിയുന്നില്ല. കാര്യങ്ങൾ ചർച്ച ചെയ്യാൻ എക്സിക്യൂട്ടീവ് യോഗം ചേരുമ്പോൾ പൊട്ടിത്തെറിക്കും സാദ്ധ്യതയുണ്ട്. ഇന്നു ചേരാനിരുന്ന എക്സിക്യൂട്ടീവ് യോഗം പ്രസിഡന്റ് മോഹൻലാലിന്റെ അസൗകര്യത്തെ തുടർന്ന് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.
ഒരു നടിയുടെ ആരോപണത്തെ തുടർന്ന് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് സിദ്ദിഖിന് രാജിവയ്ക്കേണ്ടി വന്നതിന്റെ ആഘാതം ചെറുതൊന്നുമല്ല സംഘടനയ്ക്കുണ്ടാക്കിയത്. പകരം ചുമതല ജോയിന്റ് സെക്രട്ടറി ബാബുരാജിന് നൽകാൻ നീക്കം നടന്നെങ്കിലും അദ്ദേഹത്തിനെതിരെയും ആരോപണം ഉയർന്നത് കൂടുതൽ പ്രതിസന്ധിയിലാക്കി.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ജഗദീഷിന്റെ പേരടക്കം ഉയർന്നുവരുന്നുണ്ടെങ്കിലും നടിമാർ ആരെങ്കിലും മതിയെന്ന അഭിപ്രായം ഉയരുന്നുണ്ട്. ഇക്കാര്യങ്ങളടക്കം തീരുമാനിക്കാൻ എക്സിക്യൂട്ടീവ് യോഗം ചേരേണ്ടതുണ്ട്. അതിൽ ഇതേച്ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നേക്കാം.
പരസ്പരം വിഴുപ്പലക്കൽ
അംഗങ്ങളുടെയും എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളുടെയും വാട്സാപ്പ് ഗ്രൂപ്പുകളിൽ ആരോപണ, പ്രത്യാരോപണങ്ങളും തർക്കങ്ങളും കൊഴുക്കുന്നു
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സമയത്ത് നേതൃത്വം മൗനം പാലിച്ചപ്പോഴും എതിർപ്പുകളുയർന്നിരുന്നു
തുടർന്നാണ് സിദ്ദിഖ് ഞായറാഴ്ച വാർത്താസമ്മേളനത്തിന് തയ്യാറായത്. പവർഗ്രൂപ്പ് ഇല്ലെന്നും എല്ലാം ശുഭമാണെന്നുമുള്ള വിശദീകരണങ്ങൾക്കെതിരെ മിനിറ്റുകൾക്കുള്ളിൽ ജഗദീഷ് രംഗത്തു വന്നു
വൈസ് പ്രസിഡന്റ് ജയൻ ചേർത്തലയും ഉർവശിയും വിരുദ്ധ അഭിപ്രായങ്ങൾ പറഞ്ഞു
താൻ ജനറൽ സെക്രട്ടറിയാകുന്നത് തടയാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് ജൂനിയർ ആർട്ടിസ്റ്റിന്റെ ആരോപണമെന്ന ബാബുരാജിന്റെ പ്രസ്താവനയിൽ നേതൃത്വത്തിലെ പടലപ്പിണക്കങ്ങളുടെ സൂചനയുണ്ട്
തലമുറമാറ്റം വരുമോ?
അമ്മയ്ക്ക് തെറ്റുപറ്റിയെന്നും തിരുത്തൽ വേണമെന്നുമുള്ള പൃഥ്വിരാജിന്റെ പ്രസ്താവനയും ടൊവിനോ തോമസിന്റെ സ്വതന്ത്രമായ അഭിപ്രായ പ്രകടനവും നേതൃത്വത്തിൽ തലമുറ മാറ്റത്തിനുള്ള സാദ്ധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. യുവനടന്മാരെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.
'അമ്മ' എക്സിക്യുട്ടീവ് യോഗം മാറ്റി
അമ്മയുടെ ഇന്നു നിശ്ചയിച്ചിരുന്ന അടിയന്തര എക്സിക്യുട്ടീവ് കമ്മിറ്റി യോഗം മാറ്റി. നാളെ യോഗം ചേരാൻ സാദ്ധ്യതയുണ്ട്. പ്രസിഡന്റ് മോഹൻലാൽ ചെന്നൈയിൽ നിന്ന് എത്താൻ വൈകുന്നതാണ് കാരണമായി പറയുന്നതെങ്കിലും നേതാക്കൾക്കെതിരെ ഉയരുന്ന ലൈംഗികപീഡന ആരോപണങ്ങളാണ് തടസമെന്നു കരുതുന്നു.
വൈസ് പ്രസിഡന്റ് ജഗദീഷ് ഉൾപ്പെടെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംഘടനയുടെ നിലപാടിനു വിരുദ്ധമായ അഭിപ്രായം പറഞ്ഞ സാഹചര്യത്തിൽ യോഗം കലുഷമായേക്കും. പുതിയ ലൈംഗിക ആരോപണങ്ങൾ ദിവസവും ഉയരുന്ന സാഹചര്യവും പ്രതിസന്ധിയാണ്.