പറവൂർ: പെരിയാറിൽ നിന്ന് മണൽവാരുന്നതിനിടെ വടക്കേക്കര പൊലീസ് പിടിച്ചെടുത്ത വഞ്ചി മണൽവാരൽസംഘം കടത്തിക്കൊണ്ടുപോയി. കഴിഞ്ഞ 20ന് രാത്രിയിൽ പൊലീസ് നടത്തിയ തിരിച്ചിലിൽ രണ്ട് വഞ്ചികളും മണൽവാരുന്ന ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത വഞ്ചികളും ഉപകരണങ്ങളും ഗോതുരുത്ത് പള്ളിക്കടവിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. അടുത്ത ദിവസം ഒരുവഞ്ചിയും ഉപകരണങ്ങളും കടത്തിക്കൊണ്ടുപോയി പഴയൊരു വഞ്ചി കടവിൽ കെട്ടിയിട്ടിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. വിവരം അറിയിച്ചെങ്കിലും ലോക്കൽ പൊലീസ് എത്താത്തതിനെ തുടർന്ന് നാട്ടുകാർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. പിന്നീടാണ് വടക്കേക്കര പൊലീസ് ഗോതുരുത്ത് പള്ളിക്കടവിലെത്തി ഒരു വഞ്ചി കടത്തിക്കൊണ്ടുപോയി മറ്റൊരു വഞ്ചി ഇവിടെ കെട്ടിയിട്ടിയതായി സ്ഥിരീകരിച്ചത്. വാവക്കാട് സ്വദേശിയുടെ വഞ്ചിയാണ് കടത്തിക്കൊണ്ടുപോയത്.
-
പെരിയാറിൽ മണൽവാരൽ വീണ്ടും സജീവം
പുഴമണ്ണിന് വിലകൂടിയതോടെയാണ് മണൽവാരൽ സംഘം സജീവമായത്. പെരിയാറിലെ മാഞ്ഞാലി, പുത്തൻവേലിക്കര, ഗോതുരുത്ത് എന്നീ ഭാഗങ്ങളിലാണ് മണൽവാരൽ നടക്കുന്നത്. പേരിന് മാത്രമാണ് പൊലീസ് പരിശോധന നടത്തുന്നത്. പൊലീസിന്റെ നീക്കങ്ങൾ നേരത്തെ മണൽവാരൽ സംഘത്തിന് ലഭിക്കുന്നുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്റ്റേഷനുകളിൽ പൊലീസ് ഡ്യൂട്ടി മാറുന്ന സമയത്തുമാണ് ലോറികളിൽ മണൽകടത്ത് നടക്കുന്നത്.