rod
തകർന്ന് തരിപ്പണമായ നെല്ലാട് റോഡിന്റെ കിഴക്കമ്പലം മയിലാടുംകുന്ന് ഭാഗം

കിഴക്കമ്പലം: പണിതിട്ടും പണിതിട്ടും പണി തീരാതെ കിഴക്കമ്പലം - നെല്ലാട് റോഡ്. റോഡിന്റെ അറ്റകുറ്രപ്പണി ഒച്ചിഴയും വേഗത്തിലാണെന്നാണ് ആക്ഷേപം. ഇങ്ങനെ പോയാൽ അടുത്ത മഴക്കാലവും കഴിഞ്ഞേ പണി തീരൂ. ഈ മഴക്കാലത്തിന് മുമ്പേ തീരേണ്ട പണിയാണ് നിരങ്ങി നീങ്ങുന്നത്. വഴിയില്ലാതെ കുഴി മാത്രമായ റോഡിലൂടെ ജീവൻ പണയം വച്ചാണ് യാത്ര. അറ്റകുറ്റപ്പണിയുടെ ഭാഗമായി റോഡിന്റെ പല ഭാഗത്തും പൊളിച്ചിട്ടിരിക്കുകയാണ്. ഒരിടത്തെ പണി തീർക്കാതെ മറ്റുപലയിടത്തും പൊളിച്ചതോടെ റോഡാകെ തകർന്ന അവസ്ഥയിലാണ്.

അറ്റകുറ്റ പണിയുടെ പേരിൽ നിലവിൽ 14.33 കോടി രൂപ വെള്ളത്തിലായ റോഡ് കൂടിയാണിത്. പത്തു വർഷത്തിലധികമായി ഈ റോഡിന്റെ ദുരവസ്ഥ തുടങ്ങിയിട്ട്. 32.64 കോടി രൂപയാണ് റോഡിനായി കിഫ്ബി വഴി ആദ്യം അനുവദിച്ചത്. മനക്കക്കടവ് മുതൽ നെല്ലാട് വരെയും പട്ടിമ​റ്റം മുതൽ പത്താം മൈൽ വരെയും ആധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കാനായിരുന്നു തുക. എന്നാൽ പട്ടിമ​റ്റം പത്താം മൈൽ റോഡ് പൂർത്തിയായി. മനക്കക്കടവ് നെല്ലാട് റോഡ് അതേപടി കിടന്നു.

വെള്ളത്തിലായ കോടികൾ

ആദ്യം പത്ത് കോടി രൂപയാണ് റോഡ് അ​റ്റകു​റ്റപ്പണിക്കായി കിഫ്ബി അനുവദിച്ചത്. പത്ത് കോടിക്ക് പുറമെ പട്ടിമ​റ്റം മുതൽ കിഴക്കമ്പലം വരെ 1.34 കോടിയും നെല്ലാട് മുതൽ പട്ടിമ​റ്റം വരെ 1.10 കോടിയും അനുവദിച്ചെങ്കിലും തുക തികയാത്തതിനാൽ റോഡ് പൂർണതോതിൽ സഞ്ചാരയോഗ്യമാക്കാനായില്ല. വീണ്ടും 1.59 കോടി കൂടി അനുവദിച്ചു. എന്നാൽ ആദ്യമാദ്യം അനുവദിച്ച തുക കൊണ്ട് പണി പൂർത്തിയായ ഭാഗം വീണ്ടും പഴയ പടിയായി.

അപകടങ്ങൾ പെരുകി

റോഡിൽ പ്രതിദിനം നടക്കുന്നത് പത്തിലധികം അപകടങ്ങൾ അപകടത്തിൽപ്പെടുന്നതിൽ കൂടുതലും ഇരുചക്രവാഹനങ്ങൾ

മഴ പെയ്താൽ കുഴിയിൽ വെള്ളം നിറയും

മഴ മാറിയാൽ പൊടി നിറഞ്ഞ് റോഡിൽ സഞ്ചരിക്കുന്നത് ദുഷ്‌കരമാകും

അറ്റകുറ്റപണിയ്ക്കായി നിലവിൽ അനുവദിച്ചിരിക്കുന്നത് 10 കോടി രൂപ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽവരെ റോഡ് വിഷയം ആളിക്കത്തി

കുന്നത്തുനാട് മണ്ഡലത്തിലെ ജയപരാജയങ്ങൾ നിശ്ചയിച്ചതിലും ഈ റോഡിന് പങ്ക്

പുതിയ എം.എൽ.എ വന്നെങ്കിലും റോഡിന്റെ അവസ്ഥ പഴയ രീതിയിൽ തുടരുന്നു