കൊച്ചി: കേരള സൂപ്പർ ലീഗിനായി അരയും തലയും മുറുക്കി കൊച്ചിയുടെ സ്വന്തം ടീമായ ഫോഴ്‌സ കൊച്ചി. ടീം ക്യാപ്ടൻ പ്രഖ്യാപനം ഇന്നലെ കൊച്ചിയിൽ നടന്നു. മുൻ ഇന്ത്യൻ ഗോൾ കീപ്പറും ഐ.എസ്.എൽ താരവുമായ സുഭാശിഷ് റോയിയാണ് ഫോഴ്‌സയുടെ ക്യാപ്ടൻ. ലുലുമാളിൽ നടന്ന ചടങ്ങിൽ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് നായകനെ അവതരിപ്പിച്ചു. ടീമും അണിനിരന്നു.
ചെന്നൈയിൻ എഫ്.സിക്കൊപ്പം 2015ലും 2018ലും ഐ.എസ്.എൽ ചാമ്പ്യനായ ബ്രസീൽ മദ്ധ്യനിരക്കാരൻ റാഫേൽ അഗസ്റ്റോയും ടുണീഷ്യൻ ദേശീയ താരം സയിദ് മുഹമ്മദ് നിഥാൽ, ഡിസിരി ഒമ്രാൻ, ഐവറി താരം മോക്കി ജീൻ ബാപ്പിസ്റ്റേ, സൗത്ത് ആഫ്രിക്കൻ താരം സിയാൻഡ നിഗുമ്പൊ, കൊളംബിയൻ താരം റോഡ്രിഗസ് അയാസോ ലൂയിസ് ഏഞ്ചൽ എന്നിവരുമാണ് ഫോഴ്‌സയുടെ വിദേശതാരങ്ങൾ. സന്തോഷ് ട്രോഫി കേരള ടീം താരങ്ങളായ നിജോ ഗിൽബർട്ട്, അർജുൻ ജയരാജ്, ഹജ്മൽ സക്കീർ എന്നിവരും ഐ ലീഗ് കേരള പ്രീമിയർ താരങ്ങളും ടീമിലുണ്ട്. പോർച്ചുഗീസുകാരനായ മരിയോ ലെമോസാണ് മുഖ്യപരിശീലകൻ. മുൻ ഇന്ത്യൻ താരം ജോ പോൾ അഞ്ചേരിയാണ് സഹ പരിശീലകൻ. നമ്മുടെ ഫുട്‌ബാൾ സ്വപ്നങ്ങളെ ലോകോത്തര നിലവാരത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ടീമിന്റെ സഹ ഉടമയായ നടൻ പൃഥ്വിരാജ് പറഞ്ഞു.