paytm

കൊച്ചി: പ്രമുഖ പേയ്‌മെന്റ് ആപ്പായ പേടിഎമ്മിന്റെ സ്ഥാപകൻ വിജയ് ശേഖറിനും മറ്റ് ബോർഡ് അംഗങ്ങൾക്കും വിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) കാരണം കാണിക്കൽ നോട്ടീസ് നൽകി. 2021 നവംബറിൽ കമ്പനി നടത്തിയ പ്രാരംഭ ഓഹരി വില്പനയിലെ(ഐ.പി.ഒ) ക്രമക്കേടുകളുടെ പേരിലാണ് നടപടി. ഭൂരിപക്ഷ ഓഹരി ഉടമയെന്ന വസ്തുത മൂടിവെച്ച് സാധാരണ ജീവനക്കാരനെന്ന തരത്തിൽ പ്രാരംഭ ഓഹരി വില്പനയിൽ വസ്തുതകൾ വളച്ചൊടിച്ച് കാണിച്ചുവെന്നാണ് സെബി കണ്ടെത്തിയത്. ഇതോടെ ഇന്നലെ പേടിഎമ്മിന്റെ ഓഹരി വിലയിൽ ഒൻപത് ശതമാനം ഇടിവുണ്ടായി. ഐ.പി.ഒയ്ക്ക് തൊട്ടുമുന്നോടിയായി വിജയ് ശേഖർ അഞ്ച് ശതമാനം ഓഹരികൾ വി.എസ്.എസ് ഹോൾഡിംഗ് ട്രസ്‌റ്റിലേക്ക് മാറ്റിയിരുന്നുവെന്നും കണ്ടെത്തി. ഇതോടെ അദ്ദേഹത്തിന്റെ കമ്പനിയിലെ പങ്കാളിത്തം 9.6 ശതമാനമായി കുറഞ്ഞു.