* 28ന് എ.ഐ.ടി.യു.സി പ്രതിഷേധ സമരം

കൊച്ചി: ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്ന സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും കമ്മിറ്റി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ മുഖംനോക്കാതെ കേസ് രജിസ്റ്റർ ചെയ്തു കുറ്റവാളികളെ നിയമപരമായി ശിക്ഷിക്കണമെന്നും എ.ഐ.ടി.യു.സി സംസ്ഥാന തൊഴിൽ സംരക്ഷണ കൺവെൻഷൻ ആവശ്യപ്പെട്ടു. ഹേമാ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്ന വിവരങ്ങൾ ജനാധിപത്യ സങ്കൽപ്പങ്ങളേയും തൊഴിലവകാശങ്ങളേയും നിരാകരിക്കുന്നതും ഞെട്ടിക്കുന്നതുമാണ്.

സെറ്റിൽ കാരവൻവരെ ഉപയോഗിക്കുന്ന താരങ്ങളുള്ള സിനിമാ മേഖലയിൽ സ്ത്രീകൾക്ക് പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും സുരക്ഷിതമായ താമസസൗകര്യങ്ങളും നിഷേധിക്കുന്നത് ഒരിക്കലും ന്യായീകരിക്കാവുന്നതല്ല.

സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ പുറത്തുപറയാൻ കഴിയാത്ത നിലയിലുള്ള അടിമത്തമാണ് സിനിമാ മേഖലയിൽ ഉള്ളത്.

ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കുറ്റക്കാരെ ശിക്ഷിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങൾ ഉന്നയിച്ച് 28ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിക്കുവാനും തീരുമാനിച്ചു.