കൊച്ചി: നാടും നഗരവും അമ്പാടിയാക്കി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും. ജന്മാഷ്ടമിയോട് അനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്ന ശോഭായാത്രയിൽ ആയിരക്കണക്കിന് ഉണ്ണിക്കണ്ണൻമാരാണ് അണിനിരന്നത്. വാദ്യമേളങ്ങൾക്കും കൃഷ്ണസ്തുതികൾക്കുമൊപ്പം ഗോപികമാർ നൃത്തംവച്ചതോടെ ക്ഷേത്രമുറ്റങ്ങളും നഗരവീഥികളുമൊക്കെ അക്ഷരാർത്ഥത്തിൽ അമ്പാടിയായി. ജില്ലയുടെ വിവിധ മേഘലകളിൽ നന്ന ശോഭായാത്രകൾ ഭക്തിസാന്ദ്രമായി. ബാലഗോകുലം കൊച്ചി മഹാനഗരത്തിന്റെ നേതൃത്വത്തിൽ നടന്ന ശോഭായാത്രകൾ എറണാകുളം ജോസ് ജംഗ്ഷനിൽ സംഗമിച്ചു. പിന്നീട് മഹാശോഭായാത്രയായി എറണാകുളത്തപ്പൻ ക്ഷേത്രമൈതാനത്ത് എത്തി സമാപിച്ചു. ബാലഗോകുലം കൊച്ചിമഹാനഗർ ശോഭായാത്ര എറണാകുളം പരമാര ദേവീക്ഷേത്രത്തിൽ നിന്നാരംഭിച്ചു.
എറണാകുളം ശങ്കരാനന്ദആശ്രമം സെക്രട്ടറി സ്വാമി ശിവ സ്വരൂപാനന്ദ, ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ, എം.ജി.എ രാമൻ, ഡോ. എൻ. രാഘവൻ, വിവേക് കൃഷ്ണ ഗോവിന്ദ്, സുമംഗലി സുനിൽ, രാഷ്ട്രീയ സ്വയംസേവക്‌സംഘം ദക്ഷിണ പ്രാന്തപ്രചാരക് എസ്. സുദർശൻ, എ. ഗോപാലകൃഷ്ണൻ എന്നിവർ ദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. സോമനാഥൻ, സ്വാഗതസംഘം ജനറൽ കൺവീനർ ബി. പ്രകാശ്ബാബു, പി വി. അതികായൻ, സി.ജി. രാജഗോപാൽ, ശ്രീകുമാർപിള്ള, കെ. കൈലാസ് തുടങ്ങിയവർ നേതൃത്വം നൽകി. ബാലഗോകുലം മാർഗദർശി എം.എ കൃഷ്ണൻ പങ്കെടുത്തു.
രവിപുരം ക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭയാത്ര സംവിധായാകൻ വിജി തമ്പിയും തിരുമല ക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭായാത്ര എം.ജി.എ രാമനും ഉദ്ഘാടനം ചെയ്തു. അയ്യപ്പൻകോവിൽ നിന്നാരംഭിച്ച ശോഭയാത്ര ടി.എസ്. രാധാകൃഷ്ണനും കുമാരേശ്വരം ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്ര ശ്രീകുമാർ പിള്ളയുംഉദ്ഘാടനംചെയ്തു.