കൊച്ചി: എറണാകുളം മാർക്കറ്റ് ഒക്ടോബറിൽ ഉദ്ഘാടനം ചെയ്യും. സെപ്തംബറിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യം. പെയിന്റിംഗും മറ്റ് ചെറിയ ജോലികളും മാത്രമേ ബാക്കിയുള്ളൂ. നാലുനിലകളിൽ അത്യാധുനിക സൗകര്യങ്ങളും സംവിധാനത്തോടെയാണ് മാർക്കറ്റ് പൂർത്തിയാക്കുന്നത്.
നൂറ്റാണ്ട് പഴക്കമുള്ള പഴയമാർക്കറ്റ് പൊളിച്ചുനീക്കി 2022 ജൂണിലാണ് നിർമ്മാണം തുടങ്ങിയത്. കരാർ പ്രകാരം 2024ലാണ് കെട്ടിടത്തിന്റെ പണിതീരേണ്ടത്.
പഴയ മാർക്കറ്റിലുണ്ടായിരുന്ന കച്ചവടക്കാരെ ആദ്യ രണ്ട് നിലകളിലായി പുനരധിവസിപ്പിക്കും. ഗ്രൗണ്ട്, ഒന്നാംനിലകളിലായി പച്ചക്കറി-പഴം വില്പനശാലകളും മീൻ-മാംസം മാർക്കറ്റുകളും പ്രവർത്തിക്കും. മൂന്നാംനില കോർപ്പറേഷനുള്ളതാണ്. അവിടെ ഓഫീസുകൾക്കും ഗോഡൗണുകൾക്കും സൗകര്യമൊരുക്കും.
വെള്ളം, വൈദ്യുതി സൗകര്യങ്ങൾക്കുപുറമെ മാലിന്യസംസ്‌കരണ സംവിധാനങ്ങളും ഒരുക്കും. കയറ്റിറക്കിനായി ട്രക്ക് ബേ ക്രമീകരിക്കും.
9990 ചതുരശ്ര മീറ്ററിലാണ് മാർക്കറ്റ് സമുച്ചയം. 1.63 ഏക്കറിലാണ് നിർമ്മാണം. 72.69 കോടിയാണ് പദ്ധതിച്ചെലവ്. പഴയ മാർക്കറ്റിലെ കച്ചവടക്കാരെ തൊട്ടടുത്തുതന്നെയാണ് താത്കാലികമായി പുനരധിവസിപ്പിച്ചിട്ടുള്ളത്.
മൾട്ടിലെവൽ പാർക്കിംഗ്
മാർക്കറ്റിൽ മൾട്ടി ലെവൽ വാഹന പാർക്കിംഗ് സൗകര്യം ഒരുക്കും. പൈലിംഗ് ജോലികൾ നടക്കുകയാണ്. കൊച്ചി നഗരത്തിലെ ആദ്യത്തെ മൾട്ടിലെവൽ കാർ പാർക്കിംഗ് സൗര്യമാണ് ഇവിടെയൊരുങ്ങുക. 120 കാറുകൾക്കും 100 ബൈക്കുകൾക്കും പാർക്ക് ചെയ്യാനാകും. 24.65 കോടി രൂപയാണ് നിർമ്മാണച്ചെലവ്. ഇതോടെ ഇരട്ടി വരുമാനമാണ് നഗരസഭയിലേക്കെത്തുക.
മാലിന്യ സംസ്കരണം
മാർക്കറ്റിൽ ഉണ്ടാകുന്ന മാലിന്യം അവിടെത്തന്നെ സംസ്‌കരിക്കാൻ മണപ്പാട്ടിപ്പറമ്പ് മാതൃകയിൽ ഓർഗാനിക് വേസ്റ്റ് കമ്പോസ്റ്റ് പ്ലാന്റ് സ്ഥാപിക്കും. ഒരുടൺമാലിന്യം സംസ്‌കരിക്കാൻ കഴിയുന്ന ഓർഗാനിക് വേസ്റ്റ് കമ്പോസ്റ്റ് പ്ലാന്റിൽ നിന്നുള്ള വളമാണ് ഇപ്പോൾ സുഭാഷ്‌പാർക്കിൽ ഉൾപ്പെടെ ഉപയോഗിക്കുന്നത്. ഐ.സി.എൽ.ഇയുടെ സഹകരണത്തോടെയാണ് മണപ്പാട്ടി പറമ്പിൽ ഇത് സ്ഥാപിച്ചത്. അതേ മാതൃകയിൽ അതേ വലിപ്പത്തിലുള്ള ഓർഗാനിക് വേസ്റ്റ് കമ്പോസ്റ്റ് പ്ലാന്റാണ് മാർക്കറ്റിലും സ്ഥാപിക്കുന്നത്. ഇതോടെ മാർക്കറ്റിൽ ഉണ്ടാകുന്ന മാലിന്യം കൃത്യമായി സംസ്കരിച്ച് വളമാക്കി മാറ്റാനാകും. 24 മണിക്കൂറും മാർക്കറ്റ് വൃത്തിയായി സൂക്ഷിക്കും.
മാർക്കറ്റ് നിർമ്മാണം
ചെലവ്: 72.69 കോടി
ചതുരശ്ര അടി: 9990
നിർമ്മാണം 1.63 ഏക്കറിൽ
മൾട്ടിലെവൽ പാർക്കിംഗ് ചെലവ്: 24.65 കോടി
പാർക്ക് ചെയ്യാവുന്നവ: കാർ 120, ബൈക്ക്- 100