മൂവാറ്റുപുഴ: പായിപ്രയിലെ ജെബി ഷാനവാസിന്റെ പുരയിടത്തിൽ ചെണ്ടുമല്ലിപ്പാടം പൂക്കളം തീർക്കുകയാണ്. ഗായികയും നർത്തകിയുമായ ജെബി വീടിനോട് ചേർന്ന് പത്ത് സെന്റ് സ്ഥലത്താണ് അറുന്നൂറ് ബന്തി ചെടികൾ നട്ടുവളർത്തിയത്. ഒന്നാം ഘട്ടവിളവെടുപ്പിന് പത്ത് കിലോ പൂവ് ലഭിച്ചു. ഇപ്പോൾ പൂവ് കിലോയ്ക്ക് 80രൂപയാണ് ലഭിക്കുന്നത്. ഓണസീസണിൽ 150രൂപ മുതൽ200രൂപ വരെ ലഭിക്കും.
സുഹൃത്തായ അദ്ധ്യാപിക സാജിതയോടൊപ്പം അവരുടെ സ്ഥലത്തും പൂക്കൃഷി ചെയ്തിട്ടുണ്ട്. ആയിരം ചെടികളാണ് നട്ടിട്ടുള്ളത്. ഇതിനുപുറമെ പേഴക്കാപ്പിള്ള സ്ക്കൂളിലും വിദ്യാർത്ഥികളോടൊപ്പം പൂക്കൃഷി ചെയ്യുന്നു. ഓണത്തിന് മൂന്ന് സ്ഥത്തും ഒരുമിച്ച് വിളവെടുപ്പ് നടത്തി ആവശ്യക്കാർക്ക് എത്തിക്കാനാണ് തീരുമാനം.
തരിശ്ഭൂമി ഏറ്റെടുത്ത് വിവിധ തരത്തിലുള്ള പൂക്കൃഷി ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ് ജെബി.
റോയൽ സ്റ്റീൽ അലമാര കമ്പനിയുടെ നടത്തിപ്പുകാരികൂടിയായ ജെബി പായിപ്ര സർവീസ് സഹകരബാങ്ക് ഡയറക്ടറാണ്. ഓണത്തിന് പൂവിടുന്നതിന് അയൽ വാസികൾക്ക് ആവശ്യമായ പൂക്കൾ നൽകിയശേഷമുള്ളവയാണ് പുറത്ത് വിൽക്കും. ഭർത്താവ് ഷാനവാസിന്റെയും മക്കളായ അഡ്വ. മുഹമ്മദ് സിയാൻ, മുഹമ്മദ് ശിഫാൻ എന്നിവരുടെ പൂർണ്ണ പിന്തുണയുണ്ട്.
ഗുരു യുടൂബ്
പൂക്കൃഷിയെകുറിച്ച് യൂട്യൂബിൽ നിന്നാണ് പഠിച്ചത്. ജൈവവളം മാത്രമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ചാണകം , വേപ്പിൻ പിണ്ണാക്ക് , ആട്ടിൻകാട്ടം കുമ്മായം എന്നിവ മണ്ണി വിതറിയശേഷം തടം എടുത്ത് പൂച്ചെടികൾ നടുന്നു. പൂച്ചെടി വലുതാകുമ്പോൾ വേപ്പിൻപിണ്ണാക്ക്, കടലപിണ്ണാക്ക് , എല്ലുപൊടി,ചാണകം, ശർക്കര എന്നിവ ഏഴുദിവസക്കാലം വീപ്പയിലിട്ട് ഇളക്കും. ഈ മിശ്രിതം ഒരുകപ്പ് എടുത്ത് ഒരു ബക്കറ്റ് വെള്ളത്തിൽ കലക്കി പൂചെടിയിൽ ഒഴിച്ച് കൊടുത്താൽ നല്ല വിളവാണ് ലഭിക്കുകയെന്ന് ജെബി പറയുന്നു.
വരുമാനത്തിന് പുറമെ വിടർന്നുനിൽക്കുന്ന പൂക്കൾകിടയിലൂടെ നടന്നുപോകുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്തിയാണ് പ്രധാനം
ജെബി