muncil

അങ്കമാലി: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ അങ്കമാലി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നഗരസഭാ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പൊതുശ്മശാനം യാഥാർത്ഥ്യമാക്കുക, നാല് വർഷം മുമ്പ് നഗരസഭ വാങ്ങിവച്ചിട്ടുള്ള തുരുമ്പെടുത്ത് കൊണ്ടിരിക്കുന്ന മൊബൈൽ ക്രിമിറ്റോറിയം എത്രയും വേഗം പ്രവർത്തന സജ്ജമാക്കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക കൊടുത്ത് തീർക്കുക, തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര കർഷകർക്ക് നൽകി വന്നിരുന്ന ആനുകൂല്യം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. നഗരസഭാങ്കണത്തിൽ ചേർന്ന ധർണ്ണ ജില്ലാ പ്രസിഡന്റ് എൻ.സി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. അങ്കമാലി സൗത്ത് മേഖലാ സെക്രട്ടറി പി.എ അനീഷ് അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ.പി റെജീഷ്, നോർത്ത് മേഖലാ സെക്രട്ടറി പി.എൻ. ജോഷി, പ്രസിഡന്റ് ലോനപ്പൻ മാടശ്ശേരി, ഏരിയാ കമ്മിറ്റി അംഗങ്ങളായ ഗ്രേസി ദേവസി, സതി ഗോപാലകൃഷ്ണൻ, സി.പി.എം ലോക്കൽ സെക്രട്ടറി സജി വർഗീസ്, നഗരസഭാ വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.വൈ ഏല്യാസ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ. കുര്യാക്കോസ്, മഹിളാ അസോസിയേഷൻ ഏരിയാ പ്രസിഡന്റ് വിനീത ദിലീപ് തുടങ്ങിയവർ സംസാരിച്ചു.