maveli

കാൽത്തളയുടെ വലിപ്പമുള്ള കമ്മലും കൊമ്പൻ മീശയും അലങ്കാരമാക്കിയ മാവേലിക്ക് കുടവയറൊരു ഭാരമല്ലെന്ന് തെളിയിക്കുന്ന ഓണക്കാലമെത്തി. പുരാണത്തിലെ മാവേലിക്ക് കുംഭയുണ്ടെന്നും ഇല്ലെന്നുമുള്ള തർക്കങ്ങൾക്കിടയിൽ ലക്ഷണമൊത്ത കുടവയറുള്ള മോഡേൺ മാവേലിമാർ പൊന്നോണ അരങ്ങുകളിൽ ആടിത്തിമിർക്കുകയാണ്. കാലമെത്ര മാറിയാലും 'ജിമ്മനായ' മാവേലിക്ക് മലയാളിക്കൂട്ടായ്മകളിൽ ഇടമില്ല. ജിമ്മിൽ വെയിറ്റെടുത്ത് മെലിഞ്ഞുപോയ വയറുള്ള മോഡേൺ മാവേലിമാർക്കിടയിൽ ഇടംകൈയിൽ താങ്ങിയ വയറിൽ വലംകൈകൊണ്ട് താളമിട്ടുനിൽക്കുന്ന പഴഞ്ചൻ മാവേലിമാർ തലയെടുപ്പോടെ നിൽക്കുന്നു. ആരാണ് ഒറിജനൽ എന്ന് ബോദ്ധ്യപ്പെടുത്താൻ വാമനൻ വീണ്ടും അവതരിക്കുംവരെ കുടവയറന്മാരാണ് താരങ്ങൾ.

മാവേലിയുടെ സ്വീകാര്യത

ഓണക്കളങ്ങളിൽ തുമ്പയും തുളസിയും കളമൊഴിഞ്ഞെങ്കിലും അരങ്ങുകളിൽ ആറാടുകയാണ് കുടവയറൻ മാവേലിമാർ. സംഘടനകളുടെയും മറ്റും ഓണാഘോഷത്തിൽ ലക്ഷണമൊത്ത മാവേലിയാണ് താരം. ബെൽറ്റിനു വഴങ്ങാത്ത കുടവയറാണെങ്കിൽ സംഘാടകർ റാഞ്ചും.
മാവേലിവേഷം കെട്ടാൻ യോഗമുള്ളവർക്ക് ഓരോ സീസണിലും 30 വേദികളിലെങ്കിലും പ്രത്യക്ഷപ്പെടേണ്ടിവരും. ഗൾഫിലാണെങ്കിൽ ഇതിലും കൂടും. കൊച്ചുകൂട്ടുകാരുടെ സംശയങ്ങൾക്ക് മറുപടിപറയേണ്ടി വരുമെന്നതിനാൽ ഓണക്കഥകളും പുരാണവുമെല്ലാം അത്യാവശ്യം അറിഞ്ഞിരിക്കണം. മാജിക് അറിയാവുന്ന മാവേലിമാരുമുണ്ട്. ഇവർക്ക് ആരാധകരും വരുമാനവും കൂടുതലാണ്. വൈകിട്ടത്തെ ചില ആഘോഷ വേദികളിൽ അവസാനഘട്ടത്തിൽ ഡാൻസ് ചെയ്യാൻ മാവേലി നിർബന്ധിതനായേക്കാം. സംഘാടകരുടെ റേഞ്ച് പോലെയാണ് കാര്യങ്ങൾ.
മണിക്കൂറുകളോളം നിൽക്കേണ്ടിവന്നാലും മാവേലിക്ക് കിട്ടുന്ന സ്വീകാര്യത വലുതാണ്. പരിപാടിക്കെത്തുന്ന വിശിഷ്ടാതിഥികൾ ഉൾപ്പെടെ മാവേലിക്കു കൈകൊടുത്തേ മടങ്ങൂ. കുട്ടികളെക്കൊണ്ട് മാവേലിക്ക് ദക്ഷിണ നൽകിക്കുന്ന രക്ഷിതാക്കളുമുണ്ട്. കൊച്ചിയിൽ 10,000 രൂപവരെ 'ദക്ഷിണയായി' വാങ്ങുന്ന മാവേലിമാരുണ്ട്. ഒരു പരിപാടിക്ക് ചുരുങ്ങിയത് അഞ്ച് മണിക്കൂറെങ്കിലും വേഷമണിഞ്ഞ് നിൽക്കേണ്ടിവരും. ഗൾഫിലെ ഓണക്കാലം സംഘടനകളുടെ വസന്തകാലമാണ്. ഒരിടത്തുനിന്ന് ഊണുകഴിച്ച് ഏമ്പക്കം വിട്ടോണ്ട് അടുത്ത ഊണുവേദിയിലേക്ക് ഓടുന്നവരുടെ കാലം. അത്തത്തിനു തുടങ്ങുന്ന ഊണുത്സവം ക്രിസ്മസ് വരെ നീളും. മാവേലിയും ക്രിസ്മസ് അപ്പൂപ്പനും കൈകൊടുത്തു പിരിയുന്നതോടെ ആഘോഷം സമാപിക്കുന്നു.
മാവേലിയെ സംബന്ധിച്ചിടത്തോളം പാന്റ്‌സിനുള്ളിൽ തടവിലാക്കപ്പെട്ട കുടവയർ ബെൽറ്റെന്ന കൂച്ചുവിലങ്ങില്ലാതെ കുതിച്ചുചാടുന്ന ഭാഗ്യദിനങ്ങളാണിത്. കുടവയറന്മാർ ധാരാളമുണ്ടെങ്കിലും മാവേലിയാകണമെങ്കിൽ ലക്ഷണശാസ്ത്രമനുസരിച്ചുള്ള കുടവയർ തന്നെവേണം. പൊലീസിന്റെ പഴയ ഇടിവണ്ടിപോലെയുള്ള വയറിനാണു ഡിമാൻഡ്. ഇരുന്നാൽ, വയറിനു മുകളിൽ ഇലയിട്ട് സദ്യയുണ്ണാൻ കഴിയുന്ന മാവേലിമാരാണ് ലക്ഷണശാസ്ത്ര പ്രകാരം ദിവ്യന്മാർ.
മെതിയടി, ഒന്നാം മുണ്ട്, രണ്ടാം മുണ്ട്, കച്ചമുണ്ട്, നേര്യത്, ഓലക്കുട തുടങ്ങിയ കാഴ്ചദ്രവ്യങ്ങളുമായി സംഘടനാ ഭാരവാഹികൾ മാവേലിയെ കാത്തുനിൽക്കുന്നു. പ്രജകളെ അനുഗ്രഹിച്ച് സ്‌റ്റേജുകളിൽ കൂടുതൽ സമയം നിൽക്കാനുള്ള സംവിധാനമൊന്നുമില്ലേയെന്നു ചില ഭാവരസങ്ങളിലൂടെ മാവേലി ചോദിക്കുമ്പോൾ എല്ലാം 'ഓകെ'യെന്ന് ഭാരവാഹികൾ അംഗവിക്ഷേപങ്ങളിലൂടെ അറിയിക്കുന്നു. സംവിധാനമില്ലെങ്കിൽ മാവേലി പിണങ്ങി അടുത്ത വേദിയിലേക്കു പോകും. സ്‌റ്റേജിനോടു ചേർന്നുള്ള ഡ്രസിംഗ് റൂമാണ് മാവേലിയുടെ റീച്ചാർജിംഗ് റൂം. മിക്‌സ് ചെയ്ത ചില എനർജി ഡ്രിങ്കുകളിലൂടെ മാവേലി ഉന്മേഷം വീണ്ടെടുത്ത് വീണ്ടും വേദിയിൽ എത്തുന്നു. ഓലക്കുട ഉറുമിപോലെ ചുഴറ്റി സ്‌റ്റേജിലേക്ക് ഓതിരം മറിഞ്ഞെത്തുന്ന കാഴ്ച ഗൾഫിൽമാത്രം കാണാനാവുന്ന കാഴ്ചയാണ്. ഇതേ മാവേലിമാർ തന്നെയാണ് പലപ്പോഴും ക്രിസ്മസ് അപ്പൂപ്പൻ ആയി അവതരിക്കുക. ക്രിസ്മസ് അപ്പൂപ്പനായാൽ ആരും തിരിച്ചറിയില്ലെന്നൊരു സൗകര്യമുണ്ട്. അതുകൊണ്ടു കൂടെക്കൂടെ ക്ഷീണം മാറ്റാനാകും.

പാതിരാവിലെ

സൂര്യോദയം!

ഹേമകമ്മിറ്റി തുറന്നുവിട്ട ഭൂതം വോൾട്ടേജ് കൂടിയ കഥകൾ പുറത്തുകൊണ്ടുവന്നതോടെ സിനിമാക്കാരുടെ 'അമ്മ"യുടെ കഥകഴിഞ്ഞു. 'പണ്ടൊരുനാളീ പട്ടണനടുവിൽ പാതിരനേരം സൂര്യനുദിച്ചു, പട്ടാപ്പകലു മഹാന്മാരായി ചുറ്റിനടന്നവർ കണ്ണുമിഴിച്ചു..." എന്ന് പോസ്റ്റ്മാനെ കാണ്മാനില്ല എന്ന സിനിമയ്ക്കായി കുഞ്ചൻ നമ്പ്യാരുടെ ശൈലിയിൽ വയലാർ രാമവർമ്മ എഴുതിയ പാട്ടിലുണ്ട് ഇന്നത്തെ സിനിമാ വിശേഷങ്ങൾ. കാര്യങ്ങൾ മുൻകൂട്ടിക്കണ്ട ഈ ഗാനം പ്രേക്ഷകർ റിംഗ് ടോൺ ആക്കിയേക്കാം. പീഡനങ്ങളുടെ തീവ്രത അളക്കാൻ സംവിധാനമുള്ള ഏക സംസ്ഥാനമാണ് കേരളം. ഇതിനായി പ്രത്യേക ഉപകരണമില്ലെങ്കിലും ലക്ഷണശാസ്ത്ര പ്രകാരം കണ്ടുപിടിക്കാം. വിപ്ലവക്കോടതിയിലെ 'ശ്രീ"യുള്ള ജഡ്ജിമാർ ഇതിൽ പരിശീലനം നേടിയവരാണ്. പ്രതിയുടെ മുഖത്തേക്കു സൂക്ഷിച്ചുനോക്കിയാൽ പീഡനത്തിന്റെ തീവ്രത പിടികിട്ടും. ഇരകൾക്ക് പറയാനുള്ളത് കേൾക്കാതെതന്നെ ഇക്കാര്യത്തിൽ തീർപ്പുകൽപ്പിക്കാമെന്ന പ്രത്യേകതയുണ്ട്. സമൂഹം കുറ്റവാളികളെന്നു മുദ്രകുത്തിയ പലരും പഞ്ചപാവങ്ങളാണെന്ന് അങ്ങനെയാണ് പിടികിട്ടിയത്. പക്ഷേ, ഹൈ വോൾട്ടേജ് കാര്യങ്ങളുടെ തീവ്രത അളക്കാൻ ഈ സംവിധാനത്തിനു കഴിയുമോയെന്നു വ്യക്തമല്ല.

കഥകളിൽ കുടുങ്ങുമോയെന്നു ഭയന്ന് നടന്മാർ പരക്കം പായുമ്പോൾ ആശ്വസിക്കുന്ന ഒരാളേയുള്ളൂ- സി.ഐ.ഡി മൂസ. കഥകളായാലും വാസ്തവമായാലും മൂസയുടെ കൂട്ടിന് ഒരുപാടുപേരായി.

മരിച്ചുപോയവ‌ർ ഭാഗ്യവാന്മാർ എന്നാണ് സിനിമയിൽ അത്ര സജീവമല്ലാത്ത ഒരു നടൻ സ്വകാര്യമായി പ്രതികരിച്ചത്. പഴയകാല നടി വിജയശ്രീയുടെ മരണം ഉൾപ്പെടെ അന്വേഷിക്കണമെന്ന മുറവിളിയും ഉയർന്നു തുടങ്ങി. സിനിമ ഒരു തുടക്കമാണെന്നും കലാരംഗത്തെ കൂടുതൽ കഥകൾ വരാനിരിക്കുന്നേയുള്ളൂ എന്നും ഇവർ പറയുന്നു.

അവസരം നിഷേധിക്കപ്പെട്ടവർ പകരം വീട്ടുകയാണെന്ന വാദവുമായി നടന്മാരുടെ ഫാൻസുകാർ പ്രത്യാക്രമണം നടത്തുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. വീണുടഞ്ഞ ബിംബങ്ങൾക്കായി സമൂഹമാദ്ധ്യമങ്ങളിൽ വാദിക്കാൻ ആരാധകർ എത്തുന്നില്ല. ആരോപണ വിധേയരുടെ സിനിമകളുടെ കാര്യം എന്താവുമെന്ന കാര്യത്തിൽ ഏറെക്കുറെ തീരുമാനമായെന്നാണ് സൂചന. സ്ത്രീ പ്രേക്ഷകർ ഇവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെ ആശ്രയിച്ചാകും ഭാവി. പലരുടെയും അനുഭവം വച്ചുനോക്കുമ്പോൾ കാര്യങ്ങൾ ആശാവഹമല്ല. ഓണക്കാല ചിത്രങ്ങളെ ഇതെങ്ങനെ ബാധിക്കുമെന്ന ആശങ്കയും വ്യാപകമാണ്. വെള്ളിത്തിരയിലെ ആദർശമുഖങ്ങളുടെ തനിനിറത്തെക്കുറിച്ച് ഗോസിപ്പുകൾ പലതുണ്ടെങ്കിലും ആരാധകരിലേറെയും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ആരോപണങ്ങളിൽ പെടാത്ത നടന്മാർക്ക് നിലവിലെ സാഹചര്യം ഗുണകരമായേക്കാം.