go

കൊച്ചി: നാല് ബഡ്ജറ്റുകളിലായി 22 കോടി രൂപ പ്രഖ്യാപിച്ചിട്ടും ഫണ്ട് ലഭിക്കാതായതോടെ മൃഗസംരക്ഷണ വകുപ്പിന്റെ ഗോ സമൃദ്ധി ഇൻഷ്വറൻസ് പദ്ധതി പ്രതിസന്ധിയിൽ. മൃഗസംരക്ഷ വകുപ്പിന്റെ രേഖയിലാണ് ഫണ്ട് ലഭ്യമല്ലെന്ന വിവരമുള്ളത്. 2021-22 ബഡ്ജറ്റിൽ അഞ്ച് കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. എന്നാൽ ആ സാമ്പത്തിക വർഷം ഒരു രൂപപോലും അനുവദിക്കുകയോ ചെലവഴിക്കുകയോ ചെയ്തില്ലെന്ന് രേഖയിൽ പറയുന്നു. തൊട്ടടുത്ത വർഷം ആറുകോടി രൂപയായി തുക ഉയർത്തിയതും പ്രഖ്യാപനത്തിലൊതുങ്ങി. ഈവർഷം ഒരു കോടിരൂപ കുറച്ചാണ് പദ്ധതിക്ക് ബഡ്ജറ്റിൽ പണം നീക്കിവച്ചത്. ബഡ്ജറ്റ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടെങ്കിലും തുകയും ധനവകുപ്പിൽ നിന്ന് ലഭിച്ചിട്ടില്ല.

 'ഗോ സമൃദ്ധി' പദ്ധതി

കന്നുകാലികളുടെ മരണമോ, വൈകല്യമോ മൂലമുണ്ടാകുന്ന ഉത്പാദനക്കുറവുമൂലം കർഷകർക്കുണ്ടാകുന്ന അനിശ്ചിതത്വവും നഷ്ടവും നികത്തുന്നതിനുള്ള ഇൻഷ്വറൻസ് പരിരക്ഷയാണ് പദ്ധതി ലക്ഷ്യം. 2018ലാണ് ഗോസമൃദ്ധി പദ്ധതിയുടെ തുടക്കം. ഇതുവരെ ഫണ്ട് അനുവദിക്കാത്തതിനാൽ കർഷകർക്ക് സ്വകാര്യ എജൻസികളയാണ് സമീപിക്കുന്നത്. സർക്കാർ പദ്ധതിയിൽ ചെറിയ തുക മാത്രമേ അടയ്‌ക്കേണ്ടതുള്ളൂ. സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളെ ആശ്രയിക്കമ്പോൾ പ്രീമിയം വൻതുക നൽകണം.

 പദ്ധതി ഇങ്ങനെ

1. ഏഴു ലിറ്ററോ അതിൽ കൂടുതലോ പാല് തരുന്ന രണ്ട് മുതൽ 10 വയസ് വരെ പ്രായമുള്ള പശുക്കൾക്കും എരുമകൾക്കും ഏഴ് മാസത്തിന് മുകളിൽ ഗർഭമുള്ള കിടാരികൾക്കുമായാണ് ഇൻഷുറൻസ് പദ്ധതി.

2. ഒരു വർഷം, മൂന്ന് വർഷം എന്നിങ്ങനെ രണ്ടു പരിരക്ഷ കാലയളവുകളടങ്ങിയ പദ്ധതിയുടെ പ്രീമിയം തുകയിൽ മൃഗസംരക്ഷണ വകുപ്പ് മുഖേന സർക്കാർ 50 ശതമാനം സബ്‌സിഡിയുണ്ട്.

3. ഉരുവിന്റെ ഉടമയായ കർഷകനും അഞ്ച് ലക്ഷം രൂപയുടെ അപകട മരണ പരിരക്ഷ കൂടിയുണ്ട്.


 30ൽ താഴെ
എല്ലാ വർഷവും ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കാറുണ്ടെങ്കിലും ഒരോ പഞ്ചായത്തിലും ഗുണഫലം ലഭിക്കുക മുപ്പതിൽ താഴെ പേർക്ക് മാത്രം. ഇത്തവണ കണക്കെടുപ്പ് കഴിഞ്ഞപ്പോൾ അത് വീണ്ടും കുറഞ്ഞു. ജില്ലയിലെ ഓരോ പഞ്ചായത്തിലും 1500നും 3000നും ഇടയിൽ കന്നുകാലികളുണ്ടെന്നാണ് കണക്ക്.


 വർഷം - നീക്കിവച്ചത് - ചെലവഴിച്ചത്
2021-22- 5കോടി 0
2022- 21- 6 കോടി 0
2023 -24 6 കോടി 0
2024- 25 5കോടി 0