പറവൂർ: നാല് മിനിറ്റിന്റെ ഷോട്ട്ഫിലിം കണ്ടാൽ പത്ത് മാർക്ക്, മൂന്ന് മിനിറ്റിന്റെ വടക്കൻപാട്ട് കേട്ടാൽ അഞ്ച് മാർക്ക്. പ്ളസ്ടു സാമ്പത്തികശാസ്ത്രം വിദ്യാർത്ഥികൾക്കായി വ്യത്യസ്തവും നൂതനവുമായ പഠനം രൂപപ്പെടുത്തുകയാണ് നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനായ പ്രമോദ് മാല്യങ്കര.
സാമ്പത്തിക ശാസ്ത്രപഠനം രസകരമാക്കാൻ വ്യത്യസ്തമായ ശൈലി അവലംബിക്കുകയാണ് സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കൂടിയായ പ്രമോദ്.
വടക്കൻപാട്ടും ഇക്കണോമിക്സും എന്ന മൂന്ന് മിനിറ്റിന്റെ സ്റ്രഡിആൽബം നേരത്തെ തയ്യാറാക്കിയിരുന്നു. രണ്ടാംവർഷ പാഠഭാഗത്തിലെ പരിപൂർണ മത്സരക്കമ്പോളത്തിന്റെ സവിശേഷതകൾ എന്ന ഒരുപാട്ട് കേട്ടാൽ ഏതുചോദ്യത്തിന്റെയും ഉത്തരം എളുപ്പത്തിൽ വിദ്യാർത്ഥികൾക്ക് എഴുതാൻ കഴിയുന്ന രീതിയിലാണ് വടക്കൻപാട്ട് തയ്യറാക്കിയത്. പരിപൂർണ മത്സര കമ്പോളത്തിൽ ധാരാളം വില്പനക്കാരുണ്ടാകും... എന്നുതുടങ്ങുന്ന പാട്ടിൽ അഞ്ച് മാർക്ക് ലഭിക്കുന്ന തരത്തിലാണ് ചിട്ടിപ്പെടുത്തിയത്.
വിദ്യാർത്ഥികൾക്ക് നൽകും
സാമ്പത്തിക ശാസ്ത്രത്തിലെ അപചയ പ്രത്യയ സിമന്ത നിയമം, പ്രച്ഛന്ന തൊഴിലില്ലായ്മ, സുസ്ഥിര വികസന തന്ത്രങ്ങൾ, ദാരിദ്യ നിർമാർജ്ജന പരിപാടികൾ എന്നീ പാഠഭാഗങ്ങളാണ് ഷോട്ട്ഫിലിമിലെ പ്രമേയം.
അദ്ധ്യാപക ദിനത്തിൽ ചിത്രീകരണം പൂർത്തിയാക്കി വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകുനോടൊപ്പം യൂടൂബിലും ലഭ്യമാക്കുമെന്ന് പ്രമോദ് മാല്യങ്കര പറഞ്ഞു.
അരങ്ങത്ത്
സ്കൂളിലെ സാമ്പത്തിക ശാസ്ത്രം പഠിക്കുന്ന കോമേഴ്സ്, ഹുമാനിറ്റീസ് വിഭാഗത്തിലെ വിദ്യാർത്ഥികളായ മിലൻ സേവ്യർ, കെ. ആനന്ദ്, എൻ.എച്ച്. ഹരിഗോവിന്ദ്, ദേവികൃഷ്ണ ഉണ്ണികൃഷ്ണൻ, ശ്രീനന്ദു, വി.വി. വിസ്മയ, അനന്തു മനോജ് എന്നിവരാണ് അഭിനയിക്കുന്നത്.