
കൊച്ചി: സംവരണ വിഭാഗങ്ങൾക്ക് ഓപ്പൺ ക്വാട്ടയിലുള്ള ജനറൽ മെറിറ്റ് അവസരം നിഷേധിക്കരുതെന്ന സുപ്രീം കോടതി വിധി പി.എസ്.സി നിയമനങ്ങളിലും അടിയന്തരമായി നടപ്പാക്കണമെന്ന് മെക്ക സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. മൂന്നര പതിറ്റാണ്ടായി മെക്ക ഈ വിഷയത്തിൽ നൽകിയ നിവേദനങ്ങളും നിർദ്ദേശങ്ങളും ഇടതുവലത് സർക്കാരുകളോ പി.എസ്.സിയോ പരിഗണിച്ചിട്ടില്ല. സുപ്രീം കോടതി വിധിയെക്കുറിച്ചുള്ള ചർച്ചയ്ക്കായി വിളിച്ചുചേർത്ത മെക്ക സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ പ്രസിഡന്റ് പ്രൊഫ.ഡോ. പി. നസീർ അദ്ധ്യക്ഷത വഹിച്ചു.
ന്യൂനപക്ഷ കമ്മിഷന്റെ വയനാട് സന്ദർശനം 30 മുതൽ
തിരുവനന്തപുരം: വയനാട് ദുരന്തമേഖലയായ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം, അട്ടമല മേഖലകളിൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദും അംഗങ്ങളും 30, 31 തീയതികളിൽ സന്ദർശനം നടത്തും. 31നാണ് ദുരന്തമേഖലയിലെ സന്ദർശനം. 30ന് രാവിലെ 11ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തുന്ന സിറ്റിംഗിൽ കമ്മിഷണർമാരായ എ. സൈഫുദ്ദീൻ ഹാജി, പി. റോസ, ജില്ലാ ഭരണാധികാരികൾ, വിവിധ സംഘടനാ ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
ഒരുമാസത്തെ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിച്ചു
തിരുവനന്തപുരം: ഖാദി,ലോട്ടറി,വാർദ്ധക്യം,ചുമട്,ആഭരണം,കൈത്തറി,കശഅണ്ടി തുടങ്ങി സംസ്ഥാനത്തെ പതിനാറോളം ക്ഷേമനിധി ബോർഡുകളിലെ 6.20ലക്ഷം പേർക്ക് ആഗസ്റ്റ് മാസത്തെ പെൻഷൻ അനുവദിച്ച് സർക്കാർ ഉത്തരവായി.ഇതിനായി 97.7കോടിരൂപ അനുവദിച്ചു.
പെൻഷണേഴ്സ് സഹ. സംഘം ഭാരവാഹികൾ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം പെൻഷണേഴ്സ് വെൽഫെയർ സഹകരണസംഘം ഭാരവാഹികളെ തിരഞ്ഞെടുത്തു. ആർ.ഷാജിശർമ (പ്രസിഡന്റ് ), ജെ.രാധാകൃഷ്ണപിള്ള (വൈസ് പ്രസിഡന്റ് ), കെ.മുരളീധരൻനായർ (സെക്രട്ടറി), ജി.ഉണ്ണികൃഷ്ണൻ നായർ, ടി.ചന്ദ്രൻ, എം.എൻ.കൃഷ്ണൻ നമ്പൂതിരി, ബി.മുരളീധരൻ,വി.വത്സലകുമാരി, പി.ഗീതാമ്മാൾ (ഡയറക്ടർ ബോർഡ് അംഗങ്ങൾ).
'വീണപൂവ്'സംസ്ഥാനതല കലാ
മത്സരങ്ങൾ ഇന്ന് വൈക്കത്ത്
വൈക്കം: എസ്.എൻ.ഡി.പി യോഗം വനിതാസംഘം കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ആശാൻ സ്മൃതി ആചരണം വീണപൂവ് ' സംസ്ഥാനതല കലാമത്സരങ്ങൾ ഇന്ന് രാവിലെ 10 മുതൽ വൈക്കം സത്യഗ്രഹ മെമ്മോറിയൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ (ആശ്രമം) നടക്കും.
കുമാരനാശാൻ സ്മൃതി ആചരണത്തിന്റെ ഭാഗമായി മേഖലാടിസ്ഥാനത്തിൽ നടന്ന മത്സരങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് ഫൈനൽ മത്സരങ്ങളിൽ മാറ്റുരയ്ക്കുക.
സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാന വിതരണവും വൈകിട്ട് 3ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. ഡോ. എം.എൻ. സോമൻ, തുഷാർ വെള്ളാപ്പള്ളി, അരയാക്കണ്ടി സന്തോഷ്, പ്രീതി നടേശൻ, യോഗം കൗൺസിൽ അംഗങ്ങൾ, യൂണിയൻ ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി, വൈസ് പ്രസിഡന്റ് ഇ.എസ്.ഷീബ, സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ, വനിതാ സംഘം വൈക്കം യൂണിയൻ പ്രസിഡന്റ് ഷീജ സാബു, സെക്രട്ടറി സിനി പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകും.