1
കുണ്ടനൂർ പാലത്തിലെ അപകടം

തോപ്പുംപടി: മരട് - കുണ്ടൂർ പാലത്തിലെ കുഴികൾ ഇരുചക്രവാഹന യാത്രക്കാർക്ക് പേടിസ്വപ്നമാകുന്നു കഴിഞ്ഞദിവസം നിരവധി ഇരുചക്രവാഹനയാത്ര ക്കാരാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. റോഡിലെ കുഴിയിൽ ടു വീലർ യാത്രക്കാർ വീഴുന്ന രംഗം സോഷ്യൽ മീഡിയയിൽ വൈറലായിട്ടും അധികാരികൾക്ക് കുലുക്കമൊന്നുമില്ല.

പാലം അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി രണ്ട് ദിവസം അടച്ചിട്ടിട്ടും കുഴികൾ ശരിയായി അടയ്ക്കാൻപോലും അധികാരികൾക്കായില്ല. അരൂർ - തുറവൂർ ആകാശപ്പാത നിർമ്മാണം നടക്കുന്നതിനാൽ മുഴുവൻ വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നതിനാൽ രാവിലെയും വൈകിട്ടും വൻ തിരക്കിൽ കുരുക്കോട് കുരുക്കാണ്.

ഇടപ്പള്ളി ലുലുമാൾ,തൃപ്പൂണിത്തുറ, ചോറ്റാനിക്കര, അരൂർ - ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ടവർ കുണ്ടന്നൂർ പാലം വഴിയാണ് കടന്നുപോകുന്നത്. കൂടാതെ തേവര, കോന്തുരുത്തി, തോപ്പുംപടി എറണാകുളം സൗത്ത് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും ഈ പാലം വഴിയാണ് കടന്നുപോകുന്നത്. പലപ്പോഴും ഡ്യൂട്ടിക്ക് ഒരു പൊലീസുകാരൻപോലും ഇവിടെ ഉണ്ടാകാറില്ല. പാലത്തിലെ കുഴികൾമാത്രം മൂടാതെ മുഴുവനായും ടാർചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യം. ഒരു മാസം ഈ പാലത്തിലൂടെ സഞ്ചരിച്ചാൽ വാഹനത്തിന് ഇരുപത്തയ്യായിരം രൂപയുടെ അറ്റകുറ്റപ്പണികൾ നടത്തേണ്ടി വരുന്നുവെന്ന് വാഹനഉടമകൾ പരാതിപ്പെടുന്നു.