ആലുവ: വ്യവസായ നഗരമായ ആലുവയുടെ അഭിമാനമായി ആറ് പതിറ്റാണ്ടോളം തലയുയർത്തി നിന്ന ജി.ടി.എൻ ടെക്സ്റ്റൈൽസ് സാമ്പത്തിക പ്രതിസന്ധിയിൽ രണ്ട് വർഷം മുമ്പ് അടച്ചുപൂട്ടിയെങ്കിലും തന്റെ തൊഴിലാളികളെ കാണാൻ ഗുജറാത്ത് സ്വദേശിയായ ഉടമ ബി.കെ. പട്ടോഡിയ വീൽചെയറിൽ വീണ്ടുമെത്തി.
1964 മുതൽ നീണ്ട 60 വർഷത്തിനിടയിൽ നിരവധി സ്ഥാപനങ്ങൾക്ക് രൂപം നൽകിയെങ്കിലും ആദ്യ സ്ഥാപനമായ കീഴ്മാട് ജി.ടി.എൻ ടെക്സ്റ്റൈൽസാണ് ഈ നേട്ടങ്ങളുടെയെല്ലാം അടിത്തറയെന്നും പട്ടോഡിയ ഗ്രൂപ്പ് ചെയർമാൻ കൂടിയായ അദ്ദേഹം തൊഴിലാളികളുമായുള്ള കൂടിക്കാഴ്ച്ചയിൽ അഭിമാനത്തോടെയാണ് സ്മരിച്ചത്. ആലുവയോടും പ്രത്യേകിച്ച് കീഴ്‌മാട് പഞ്ചായത്തിലെ ജനങ്ങളോട് അദ്ദേഹത്തിനുള്ള ഇഷ്ടവും അദ്ദേഹം പങ്കുവച്ചു.
ജി.ടി.എൻ ടെക്സ്റ്റൈൽസ് രണ്ട് വർഷം മുമ്പ് അടച്ചുപൂട്ടിയെങ്കിലും സ്ഥലം വിറ്റ് തൊഴിലാളികൾക്കെല്ലാം ന്യായമായ നഷ്ടപരിഹാരം നൽകിയാണ് പട്ടോഡിയ മടങ്ങിയത്. മടങ്ങുമ്പോൾ വീണ്ടും വരുമെന്ന് പറഞ്ഞെങ്കിലും എല്ലാവരും വെറും വാക്കായി മാത്രമാണ് കരുതിയത്. കഴിഞ്ഞ ദിവസം ജി.ടി.എൻ കമ്പനിയിലെ ഉദ്യോഗസ്ഥരാണ് തൊഴിലാളികളെയും യൂണിയൻ നേതാക്കളെയുമെല്ലാം പട്ടോഡിയ കാണാൻ വരുന്നുണ്ടെന്നറിയിച്ചത്. എറണാകുളം ബി.ടി.എച്ചിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച.
മുംബയിൽ സ്ഥിര താമസമാക്കിയ 84കാരനായ പട്ടോഡിയ ഒരു വർഷം മുമ്പ് കുളിമുറിയിൽ വീണതിനെ തുടർന്ന് നടക്കാനാകാതെ വീൽ ചെയറിലാണ് എത്തിയത്. ഒരിക്കൽ കൂടി വരുമെന്ന് പറഞ്ഞാണ് മടങ്ങിയത്. മാനേജ്‌മെന്റ് പ്രതിനിധികളായ ഉമംഗ് പാട്ടോഡിയ (എം.ഡി), രാജഗോപാൽ (സീനിയർ മാനേജർ), അഡ്വ. ശശി പ്രകാശ് (റിട്ട. ജോയിന്റ് ലേബർ കമ്മീഷണർ), തൊഴിലാളി യൂണിയൻ നേതാക്കളായ വി.പി. ജോർജ്, ബാബു പുത്തനങ്ങാടി, കെ.വി. മധുകുമാർ, പി.വി. പ്രേമാനന്ദൻ, ബാവകുഞ്ഞും നിരവധി തൊഴിലാളികളും സംബന്ധിച്ചു.