പറവൂർ: നഗരത്തിൽ ഗതാഗതതടസത്തിനും അപകടങ്ങൾക്കും വഴിയൊരുക്കി പറവൂർ നഗരത്തിലെ തിരക്കേറിയ കവലകളിലെ സിഗ്നൽ ലൈറ്റുകൾ തകരാറിലായി. നഗരത്തിലെ രണ്ട് പ്രധാനകവലകളാണ് ചേന്ദമംഗലം ജംഗ്ഷനിലെയും മുനിസിപ്പൽ ജംഗ്ഷനിലെയും സിഗ്നൽ ലൈറ്റുകളാണ് തകരാറിലായിരിക്കുന്നത്. മുനിസിപ്പൽ ജംഗ്ഷനിലെ മൂന്ന് ഭാഗത്തുള്ള സിഗ്നലുകളിൽ ഒന്ന് മാത്രമാണ് പ്രവർത്തിക്കുന്നത്. മറ്രു രണ്ടുഭാഗത്തെയും സിഗ്നൽ തകരാറിലാണ്. മെയിൻ റോഡിന് നേരെയുള്ള സിഗ്നലിൽ വാഹനം ഇടിച്ചതിനാൽ ഒരുഭാഗത്തേക്ക് തിരിഞ്ഞുപോയി. ഇതിനാൽ ഈ ഭാഗത്ത് നിന്ന് വരുന്ന ഡ്രൈവർമാർക്ക് സിഗ്നൽ വ്യക്തമായി കാണാൻ സാധിക്കില്ല. ഏറ്റവും തിരക്കേറിയ ചേന്ദമംഗലം കവലയിലെ സ്ഥിതി ഇതിലേറെ പരിതാപകരമാണ്. നാലുംകൂടിയ കവലയിൽ മൂന്ന് ഭാഗത്തെയും സിഗ്നൽ തകരാറിലാണ്. പച്ച ലൈറ്റിന് ശേഷം മഞ്ഞ കത്തില്ല. പച്ച ലൈറ്റ് കഴിഞ്ഞാൽ സെക്കന്റുകൾക്കകം ചുവപ്പ് ലൈറ്റ് തെളിയും. ഇത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഈ രീതിയിലാണ് മറ്റു രണ്ടുഭാഗങ്ങളിലും സിഗ്നൽ തെളിയുന്നത്. വൈകിട്ട് ഏഴരയോടെ സിഗ്നൽ ഓപ്പൺ രീതിയിലാകും. ഇതോടെ ചേന്ദമംഗലം കവല കടന്നുപോകാൻ ഏറെ പണിപ്പെടേണ്ടിവരും. സമയക്രമീകരണം തെറ്റിയതിനാലാണിത്. രാവിലെ എട്ട് വരെ ഓപ്പൺ സിഗ്നലാണ്. എന്നാൽ എട്ടിന് മുമ്പ് തന്നെ സിഗ്നൽ പ്രവർത്തിക്കും. ഈ സമയങ്ങളിൽ ട്രാഫിക് പൊലീസിന്റെ സേവനം ഉണ്ടാവില്ല.
പറവൂർ നഗരസഭയ്ക്ക് സിഗ്നൽ ലൈറ്റുകൾ നന്നാക്കാനുള്ള തുക ചെലവഴിക്കാൻ നിയമപരമായി സാധിക്കില്ല. പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിട്ടുള്ള സിഗ്നൽ ലൈറ്റുകളുടെ പരിപാലനം പൊലീസ് വകുപ്പിന്റെ കീഴിലുള്ള റോഡ് സേഫ്ടി വിഭാഗത്തിനാണ്. വളരെ പഴക്കമുള്ള സിഗ്നൽ സംവിധാനമാണ് നിലവിലുള്ളത്. ഇതിനാലാണ് പെട്ടെന്ന് കേടുവരുന്നത്. മാസങ്ങൾക്ക് മുമ്പ് രണ്ട് സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് സിഗ്നൽ നന്നാക്കിയത്.
സജി നമ്പിയത്ത്
നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ