ആലുവ: അധികൃതർ പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും ആലുവയിൽ കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര ബസുകൾ നഗരത്തിൽ റൂട്ട് തെറ്റിക്കുന്നത് തുടരുന്നു. കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ പലവട്ടം ഇറക്കിയ ഉത്തരവുകളാണ് ഒരു വിഭാഗം ജീവനക്കാർ ലംഘിക്കുന്നത്.
കഴിഞ്ഞ 25ന് രാത്രി പെരുവഴിയിൽ ഇറങ്ങേണ്ടി വന്ന യാത്രക്കാരൻ ആലുവ സ്വദേശി വി.ടി. സതീഷ് ഇതേതുടർന്ന് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർക്കും മന്ത്രിക്കും പരാതി നൽകി. കളമശേരിയിൽ നിന്ന് പാലക്കാട് ഡിപ്പോയിലെ ബസിൽ കയറിയ വി.ടി. സതീഷിന് ആലുവ ബാങ്ക് കവല സ്റ്റോപ്പിലാണ് ഇറങ്ങേണ്ടിയിരുന്നത്. രാത്രി 10.40ന് ബസ് പുളിഞ്ചോട് കവലയിൽ നിന്ന് റൂട്ട് തെറ്റിച്ച് കാരോത്തുകുഴി കവല വഴി ആലുവ സ്റ്റാൻഡിലെത്തി. ബൈപ്പാസ്, ബാങ്ക് കവല, പമ്പ് കവല വഴി പോകേണ്ട ബസാണ് റൂട്ട് തെറ്റിച്ചെത്തിയത്. സ്റ്റാൻഡിൽ നിന്ന് തൃശൂരിലേക്ക് പോകുമ്പോഴും റൂട്ട് തെറ്റിച്ചപ്പോൾ സതീഷ് ചോദ്യം ചെയ്തു. ഇതോടെ നിങ്ങൾ എവിടെ വേണമെങ്കിലും പരാതി നൽകിക്കോയെന്ന ധിക്കാരപരമായ മറുപടിയാണ് ബസ് ജീവനക്കാരിൽ നിന്ന് ലഭിച്ചത്.
എറണാകുളത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ ആലുവ സ്റ്റാൻഡിൽ കയറിയ ശേഷം കാരോത്തുകുഴി, ബാങ്ക് കവല, ബൈപ്പാസ് വഴി മെട്രോ സ്റ്റേഷന് മുമ്പിലെത്തിയാണ് ദേശീയപാതയിൽ പ്രവേശിക്കേണ്ടത്. എന്നാൽ കാരോത്തുകുഴി കഴിഞ്ഞ ശേഷം ഇടത്തേക്ക് തിരിഞ്ഞ് ദേശീയപാതയുടെ സമാന്തര റോഡ് വഴി പോകുകയാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് ഇവിടെ റൂട്ട് തെറ്റിക്കുന്നത്. ഇതുമൂലം ബാങ്ക് കവലയിലെ അംഗീകൃത സ്റ്റോപ്പിൽ ഇറങ്ങേണ്ട യാത്രക്കാരും കയറാനുള്ളവരും ദുരിതത്തിലാകുകയാണ്.