പറവൂർ: സ്വന്തമായൊരു വീട് എന്ന അനുശ്രീയുടെ സ്വപ്നം പൂവണിഞ്ഞു. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചേന്ദമംഗലം പഞ്ചായത്തിലെ തെക്കുംപുറത്ത് നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനം 29ന് രാവിലെ പതിനൊന്നിന് മുത്തൂറ്റ് സ്പോർട്സ് ഡിവിഷൻ ഡയറക്ടർ ഹന്ന മുത്തൂറ്റ് നിർവഹിക്കും.കഴിഞ്ഞ ഏപ്രിൽ പന്ത്രണ്ടിനാണ് വീടിന് തറക്കല്ലിട്ടത്. തിരുച്ചിറപ്പള്ളിയിൽ നടക്കുന്ന അണ്ടർ 17 പെൺകുട്ടികളുടെ കേരള വോളിബാൾ ടീമിനെ നയിച്ച എ.ആർ. അനുശ്രീ നന്ത്യാട്ടുകുന്നം എസ്.എൻ.വി മുത്തൂറ്റ് അക്കാഡമിയിലായിരുന്നു പരിശീലനം. ബാർബറായ പറവൂത്തറ കരിയമ്പിള്ളി ആറുകണ്ടത്തിൽ രാജേഷിന്റേയും ധന്യയുടേയും മകളാണ്. ഇപ്പോൾ അനുശ്രീയും കുടുംബവും വാടക വീട്ടിലാണ് താമസം. 2018 മുതൽ അനുശ്രീ ദേശീയതാരമാണ്. അറ്റാക്കറായി കളിക്കുന്ന അനുശ്രീ ഒട്ടേറെ തവണ മികച്ച കളിക്കാരിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2020ലും 2021ലും ദേശീയ സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിലും 2022ൽ ദേശീയ സ്കൂൾ ഗെയിംസിലും 2019ൽ ദേശീയ മിനി വോളിബാൾചാമ്പ്യൻഷിപ്പിലും കേരളത്തിനുവേണ്ടി കളിച്ചിട്ടുണ്ട്.