മൂവാറ്റുപുഴ: നാട് കാണാനെത്തിയ കുരങ്ങൻ നാട്ടുകാർക്ക് കൗതുകമായി. ഇന്നലെ ഉച്ചയോടെയാണ് രണ്ടാർ കര, രണ്ടാർ കാനം കവല, നമ്പൂതിരിമല തുടങ്ങിയ സ്ഥലങ്ങളിൽ കുരങ്ങനെ കണ്ടത്. വനപ്രദേശങ്ങളിൽ മാത്രം കണ്ട് വരുന്ന കുരങ്ങൻ ഗ്രാമപ്രദേശങ്ങളിൽ എത്തിയത് നാട്ടുകാർക്ക് കൗതുക കാഴ്ചയായി മാറി. മാസങ്ങൾക്ക് മുമ്പ് പായിപ്ര പഞ്ചായത്തിലെ പോയാലി മല, നിരപ്പ് ഒഴുപാറ, മൂവാറ്റുപുഴ നെഹ്രു പാർക്ക്, മുനിസിപ്പൽ പാർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ കുരങ്ങനെ കണ്ടിരുന്നു. അപകടകരമായ രീതിയിൽ അലഞ്ഞ് തിരിഞ്ഞ കുരങ്ങനെ പിടികൂടി കാട്ടിലേക്ക് വിടുന്നതിന് വനം വകുപ്പിന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയിരുന്നു. പിന്നീട് ഈ കുരങ്ങൻ എങ്ങോ മറയുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും കുരങ്ങൻ നാട്ടിലിറങ്ങിയത്.