ആലുവ: തെരുവുനായ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കുന്ന സലോമിയുടെ ജീവിതം തീരാനോവാകുന്നു. ജൂലായ് 14 നാണ് ചുണങ്ങംവേലി സ്വദേശിനി സലോമിയെ തെരുവുനായ കടിച്ചത്. കൈയ്യിലും കാലിലും തുടയിലുമായി നാലിടത്താണ് കടിയേറ്റത്. തുടയിലേറ്റ മുറിവ് സലോമിയുടെയും കുടുംബത്തിന്റെയും ജീവിതം തകർത്തുകളഞ്ഞു. രാജഗിരി ആശുപത്രിയിൽ രണ്ടുതവണ സർജറിക്ക് വധേയയായ സലോമിയുടെ തുടയിലെ മുറിവിൽ നിന്ന് ഇപ്പോഴും പഴുപ്പൊഴുകുകയാണ്.
എടത്തല നാലാം വാർഡിലെ നാല് സെന്റ് കോളനിയിൽ രോഗിയായ ഭർത്താവിനും മകനുമൊപ്പമാണ് സലോമി കഴിയുന്നത്. സ്വകാര്യ സ്കൂളിൽ ശുചീകരണ ജോലി ചെയ്താണ് സലോമി കുടുംബം പുലർത്തിയിരുന്നത്. രണ്ട് പെൺമക്കളെ വിവാഹം കഴിപ്പിച്ചതിന്റെ ബാദ്ധ്യത വീട്ടാൻ ബുദ്ധിമുട്ടുന്നതിനിടെയാണ് ഈ ദുരന്തമുണ്ടായത്.
പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എൻ.എച്ച്. ഷബീർ ഇടപ്പെട്ട് എടത്തല പഞ്ചായത്തിൽ നിന്നും ചെറിയ സഹായം ലഭ്യമാക്കിയതാണ് ഏക ആശ്വാസം. സലോമി ജോലിചെയ്യുന്ന സ്കൂളിൽ നിന്നും സഹായം ലഭിച്ചു. പലരിൽ നിന്നും വായ്പ വാങ്ങി ഇതുവരെ രണ്ടു ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചെലവഴിച്ചു. ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ നിത്യച്ചെലവിന് വഴി കാണാതെ സലോമി വിഷമിക്കുകയാണ്.
സലോമിയുടെ ദുരിതകഥയറിഞ്ഞ് ജനസേവ ശിശുഭവന്റെയും തെരുവുനായ വിമുക്ത കേരള സംഘത്തിന്റെയും ചെയർമാൻ ജോസ് മാവേലി കഴിഞ്ഞ ദിവസം സഹായ ഹസ്തവുമായി വീട്ടിലെത്തിയിരുന്നു.