ചോറ്റാനിക്കര: മുളന്തുരുത്തി - ചോറ്റാനിക്കര റോഡിലെ ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയാകുമ്പോൾ വേഴപ്പറമ്പ് -ചെങ്ങോലപ്പാടം നെൽസൺ മണ്ടേല റോഡിന്റെ വീതികുറയുമെന്ന് പരാതി. അശാസ്ത്രീയമായി പണികഴിപ്പിച്ചിട്ടുള്ള മേൽപ്പാലം യഥാർത്ഥ്യമാകുമ്പോൾ 130ലധികം കുടുംബങ്ങൾ താമസിക്കുന്ന ചെങ്ങോലപ്പാടം- വേഴപ്പറമ്പ് നിവാസികൾക്ക് മേൽപ്പാലത്തിലേക്ക് എത്തണമെങ്കിൽ വളഞ്ഞ് മൂക്കുപിടിക്കേണ്ട അവസ്ഥയിലാണ്.
2018ൽ ആരംഭിച്ച മുളന്തുരുത്തി റെയിൽവേ മേൽപ്പാലം നിർമ്മാണം ജൂണിൽ പൂർത്തീകരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അപ്രോച്ച്റോഡ് നിർമ്മാണം നീണ്ടുപോവുകയായിരുന്നു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെയും സർക്കാരിന്റെയും അശാസ്ത്രീയ സമീപനം നാട്ടുകാർക്ക് തീരാതലവേദന സമ്മാനിക്കുമെന്നാണ് പരാതി. വേഴപ്പറമ്പ് ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾ മേൽപ്പാലത്തിന്റെ അപ്പ്രോച്ച് റോഡിന്റെ അടുത്തെത്തുമ്പോൾ നിലവിലുള്ള റോഡിന്റെ വീതി കുറയുന്നതും മേൽപ്പാലത്തിലേക്ക് തിരിയുന്ന ഭാഗത്ത് വീതിയില്ലാത്തതുമാണ് പ്രശ്നം. മുളന്തുരുത്തി ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾ ചോറ്റാനിക്കര ഭാഗത്തേക്ക് തിരിയുന്നിടത്താണ് കൂടുതൽ പ്രശ്നം. ചെറിയ വാഹനങ്ങൾക്കുപോലും തിരിയാൻ കഴിയാത്ത തരത്തിലാണ് ഇവിടെ അപ്രോച്ച് റോഡിന്റെ നിർമ്മാണം.അപ്രോച്ച് റോഡിന്റെ സ്പാനുകൾക് ഉയരമില്ലാത്തതിനാൽ വാഹനങ്ങൾ പാലത്തിൽ തട്ടുവാനുള്ള സാദ്ധ്യതയും കൂടുതലാണ്.
പ്രതിഷേധത്തെത്തുടർന്ന് അനൂപ് ജേക്കബ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, അംഗങ്ങളായ റെഞ്ചി കുര്യൻ, ജോർജ് മാണി, രതീഷ് ദിവാകരൻ തുടങ്ങിയവർ ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി.
ശനിയാഴ്ച ഗ്രാമപഞ്ചായത്ത് ഓഫീസിൽ ജനപ്രതിനിധികളും റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ അധികൃതരുമായി ചർച്ചനടത്തി പ്രശ്നപരിഹാരം ഉണ്ടാക്കും
അനൂപ് ജേക്കബ് എം.എൽ.എ
നേരിടുന്ന പ്രശ്നങ്ങൾ
1 റോഡിന്റെ വീതി നിലവിലുള്ളതിനേക്കാൾ 3അടിയോളം കുറയും
2 ഇത് റെയിൽവേ ജംഗ്ഷനിൽ ഗതാഗതക്കുരുക്കിന് ഇടയാക്കും
3 സ്ഥലത്ത് വെള്ളക്കെട്ട് ഉണ്ടാകാനും സാദ്ധ്യതയേറെ
4 അശാസ്ത്രീയമായ നിർമ്മാണമെന്ന് പരാതി
അധികൃതർ നൽകിയ രൂപരേഖ പ്രകാരമാണ് റോഡ് നിർമ്മാണം നടത്തുന്നത്. സർക്കാർ ഏറ്റെടുത്ത സ്ഥലം പൂർണമായും അപ്രോച്ച് റോഡിനും സർവീസ് റോഡിനുമായി ഉപയോഗിച്ചിട്ടുണ്ട്. ജനങ്ങളുടെ ആവശ്യപ്രകാരം നിർമ്മാണം നടത്തിയാൽ മേൽപ്പാലത്തിലൂടെ വേഗതയിലെത്തുന്ന വാഹനങ്ങൾ നെൽസൺ മണ്ടേല റോഡിലൂടെ എത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. സിഗ്നൽലൈറ്റ് സ്ഥാപിക്കുകയും സർക്കാർ രണ്ടാംഘട്ടമായി സമീപത്ത് സ്ഥലമേറ്റെടുത്ത് നെൽസൺ മണ്ടേല റോഡ് വീതികൂട്ടിക്കൊണ്ട് പ്രശ്നപരിഹാരം ഉണ്ടാക്കണം.
ജോർജ് വർക്കി
കോൺട്രാക്ടർ