stamp

കൊച്ചി: ചെറിയ വിലയുടെ മുദ്രപ്പത്രങ്ങൾ കിട്ടാതായതോടെ ജനം നെട്ടോട്ടത്തിൽ. 10, 20, 50,100, 200 രൂപയുടെ മുദ്രപ്പത്രങ്ങൾ തീരെ കിട്ടാനില്ല. ആഗസ്റ്റ് ആദ്യം മുതൽ ഇ- സ്റ്റാമ്പ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചതിനാൽ സർക്കാർ അച്ചടി ഓർഡർ നൽകാത്തതാണ് ക്ഷാമത്തിന് കാരണം. കരാർ, ജനന, മരണ രജിസ്‌ട്രേഷൻ, നോട്ടറി, ബാങ്ക് ലോൺ തുടങ്ങിയ ആവശ്യങ്ങൾക്ക് കുറഞ്ഞ മുദ്രപ്പത്രമാണ് ഉപയോഗിച്ചുവരുന്നത്. ഇപ്പോൾ 50 രൂപ മുതലുള്ള മുദ്രപ്പത്രങ്ങൾ ആവശ്യമുള്ളവർ 500 രൂപയുടെ മുദ്രപ്പത്രം വാങ്ങേണ്ട അവസ്ഥയാണ്. ഇങ്ങനെ തിരക്കേറുന്ന സമയത്ത് 500, 1000രൂപയുടെ മുദ്രപത്രങ്ങളും കാലിയാകും. ഇതോടെ വലിയ വിലയുടെ മുദ്രപ്പത്രം വാങ്ങാൻ അത്യാവശ്യക്കാർ നിർബന്ധിതരാകുകയാണ്. ട്രഷറികളിലുള്ള മുദ്രപ്പത്രങ്ങൾ വിറ്റുതീരുന്നതോടെ ഇ-സ്റ്റാമ്പിംഗ് ആരംഭിക്കാനാണ് സർക്കാരിന്റെ തീരുമാനം. മുദ്ര‌പ്പത്രം കിട്ടാനില്ലെങ്കിലും ഔദ്യോഗികമായി അറിയിപ്പ് വരാത്തതിനാൽ ഇ-സ്റ്റാമ്പിംഗ് തുടങ്ങാനാവാത്ത അവസ്ഥയിലാണ് ബന്ധപ്പെട്ടവർ.

വിദ്യാർത്ഥികളും പ്രതിസന്ധിയിൽ

കുറഞ്ഞവിലയുടെ മുദ്രപ്പത്രങ്ങൾ കിട്ടാത്തതിനാൽ സാധാരണക്കാർ പലവിധ രജിസ്ട്രേഷനുകൾ നീട്ടിക്കൊണ്ടു പോവുകയാണ്. മുദ്രപ്പത്രക്ഷാമം ആധാരം എഴുത്തുകാരെയും ബാധിക്കുന്നുണ്ട്. അന്യദേശങ്ങളിൽ പഠനാവശ്യത്തിനായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെയും മുദ്രപ്പത്ര ക്ഷാമം ബാധിച്ചിട്ടുണ്ട്. സത്യവാങ്മൂലം, സമ്മതപത്രം, ഡിക്ലറേഷൻ തുടങ്ങിയവ നൽകാനാവാത്ത അവസ്ഥയിലാണ് വിദ്യാർത്ഥികൾ.

50 രൂപ

ജനന, മരണ സർട്ടിഫിക്കറ്റുകൾക്ക്
സ്‌കൂൾ സർട്ടിഫിക്കറ്റ് കോപ്പികൾക്ക്

100 രൂപ

നോട്ടറി അറ്റസ്റ്റേഷൻ
സത്യവാങ്മൂലങ്ങൾ

200 രൂപ

വാഹനക്കരാർ, വാടക ചീട്ട്, വാട്ടർ കണക്ഷൻ, വൈദ്യുതി കണക്ഷൻ, ബാങ്ക് വായ്പ ഉടമ്പടി
ബിൽഡിംഗ് പെർമിറ്റ്, ബോണ്ട്, സർട്ടിഫിക്കറ്റുകളിലെ തിരുത്ത്, സമ്മതപത്രങ്ങൾക്ക്

(200 രൂപയുടെ ഒറ്റപ്പത്രം അച്ചടിക്കാത്തതിനാൽ രണ്ട് 100 രൂപ പത്രങ്ങൾ ഒന്നിച്ച് വേണം)

500 രൂപ
പവർ ഒഫ് അറ്റോർണി

1,000 രൂപ

ആധാരം, ഇഷ്ടദാനം, വലിയ വിലയുടെ പത്രങ്ങൾക്കൊപ്പം ചേർക്കാൻ

5,000
കമ്പനി, പാർട്ണർഷിപ്പ് രജിസ്ട്രേഷനുകൾ

10,000, 15,000, 20,000, 25,000

(വലിയ തുകകളുടെ മുദ്രപ്പത്രങ്ങൾ വസ്തുസംബന്ധമായ കാര്യങ്ങൾക്കും പാർട്ണർഷിപ്പ് ഡീലുകൾക്കും)

അഡ്ഹസീവ് സ്റ്റാമ്പ്

രജിസ്ട്രേഷൻ ആവശ്യങ്ങൾക്കൊഴികെയുള്ള മുദ്രപ്പത്രങ്ങൾക്കു പകരം നിശ്ചിത തുകയ്ക്കുള്ള സ്പെഷ്യൽ അഡ്ഹസീവ് സ്റ്റാമ്പുകൾ പതിച്ച് നൽകാനാകും. ഈ സ്റ്റാമ്പുകൾ വെണ്ടർമാരിൽനിന്ന് ലഭിക്കും. നൽകേണ്ട വിവരങ്ങൾ കടലാസിൽ തയ്യാറാക്കി സ്റ്റാമ്പുകൾ പതിച്ച് നൽകുന്നതിന് നിയമസാധുതയുണ്ട്.